ക്രൈം
രാമനാട്ടുകരയിലെ സിനിമാസ്റ്റൈൽ ഓപ്പറേഷന് വാട്‌സാപ്പ് ഗ്രൂപ്പ്; അവസാന മണിക്കൂര്‍ വരെ പരസ്പരം അറിയില്ല
രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം തട്ടിയെടുക്കാനുള്ള ഓപ്പറേഷനായി ആറ് വാഹനങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു സംഘത്തിന്റെ ഓപ്പറേഷൻ. ഒറ്റുകാരെ നേരിടാൻ പ്രത്യേക സംവിധാനവും ഇവർക്കുണ്ടായിരുന്നു.
വിമാനം വരുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് ഓപ്പറേഷനുള്ള വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചത്. അതുവരെ ഓപ്പറേഷനിൽ പങ്കെടുക്കുന്നവർ ആരെല്ലാമാണെന്ന വിവരം സംഘാംഗങ്ങളിൽ ആർക്കും അറിവുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള എല്ലാ ഓപ്പറേഷനുകളിലും ഇതേ രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. അവസാന മണിക്കൂറുകളിൽ മാത്രമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നവർ ആരാണെന്നുള്ളത് സംഘാംഗങ്ങൾ അറിഞ്ഞിരുന്നത്. ഒറ്റുകാർക്ക് വിവരം ചോരാതിരിക്കാനായിരുന്നു ഈ രീതി. ഓപ്പറേഷനുള്ള ക്വട്ടേഷൻ സംഘാംഗങ്ങളെല്ലാം ഒരേ രീതിയിലുള്ള മാസ്കുകളാണ് ധരിച്ചിരുന്നത്. വാഹനങ്ങളിലെല്ലാം ഒരേ രീതിയിലുള്ള സ്റ്റിക്കറുകളും പതിച്ചിരുന്നു.
അതേസമയം അപകടത്തിൽപ്പെട്ട വാഹനം സഞ്ചരിച്ചത് ഹോൺ മുഴക്കി മിന്നൽവേഗത്തിലെന്ന് ദൃക്‌സാക്ഷി. തിങ്കളാഴ്ച പുലർച്ചെ രാമനാട്ടുകര മേൽപ്പാലത്തിന് താഴെ പത്രക്കെട്ടുകൾ ഇറക്കുന്നതിനിടെയാണ് യുവാവ് അതിവേഗത്തിൽ കടന്നുപോയ വാഹനങ്ങൾ ശ്രദ്ധിച്ചത്.
കൊണ്ടോട്ടി ഭാഗത്തുനിന്നെത്തിയ ബൊലേറൊ വാഹനത്തിനുപിറകെ കറുപ്പുനിറമുള്ള മറ്റൊരു വാഹനവുമുണ്ടായിരുന്നു. ഇരുവാഹനങ്ങളും അതിവേഗത്തിൽ രാമനാട്ടുകര ഭാഗത്തേക്കുപോയി. പിറകിലുണ്ടായിരുന്ന വാഹനം ഒരു പെട്ടിഓട്ടോയുമായി ഇടിക്കേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് അപകടമൊഴിഞ്ഞത്. അല്പസമയത്തിനകം ബൊലേറൊ തിരിച്ചെത്തി. വാഹനം ഹോൺമുഴക്കി മിന്നൽവേഗത്തിലായിരുന്നു കടന്നുപോയത്.
മൂന്ന്-നാലു മിനിറ്റുകൾക്കം യുവാവ് പുളിഞ്ചോട്ടിലെത്തിയപ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. വാഹനത്തിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ റോഡിലും നാലുപേർ വാഹനത്തിനരികിലുമായിരുന്നു കിടന്നിരുന്നത്. ആർക്കും ജിവനില്ലായിരുന്നു. നേരത്തേ പിന്തുടർന്ന കറുത്തവാഹനം ഇതിനിടയിൽ നിർത്താതെ അതുവഴി കടന്നുപോയതായും യുവാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം സഞ്ചരിച്ച ബൊലേറോ കാർ അപകടത്തിൽപ്പെട്ട് അഞ്ചു പേർ മരിച്ചത്. ഇവരെല്ലാം സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരുടെ കൂട്ടാളികളായ എട്ടു പേർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊടുവള്ളിയിൽനിന്ന് സ്വർണം വാങ്ങാനെത്തിയ സംഘത്തെ ആക്രമിച്ച് സ്വർണം കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി.
Story: കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം