കേരളം
നാല് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി
നാല് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ നിന്ന് കോൺഗ്രസ് സുപ്രധാന പാഠം പഠിച്ചുവെന്നും ഇത് ഉൾക്കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുൽ പറഞ്ഞു.
തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പാണ്. ഇത് ബിജെപിക്കും അറിയാം, അവർക്കുള്ളിൽ ഇത് പ്രധാന ചർച്ചാവിഷയമായി മാറിയെന്നും കോൺഗ്രസ് എംപി പറഞ്ഞു. ജനശ്രദ്ധ തെറ്റിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. കർണാടക വിജയത്തിൽ നിന്ന് കോൺഗ്രസ് മനസിലാക്കിയ സുപ്രധാന പാഠമിതാണെന്നും രാഹുൽ വ്യക്തമാക്കി.
‘ബിജെപിക്ക് അവരുടെ നുണകൾ പ്രചരിപ്പിക്കാൻ കഴിയാത്ത തരത്തിലാണ് ഞങ്ങൾ കർണാടക തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്താണ് ഇന്ന് കാണുന്നത്? ജാതി സെൻസസ് എന്ന ആശയത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബിധുരി, നിഷികാന്ത് ദുബെ വിവാദങ്ങൾ. ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ കാര്യമാണിതെന്ന് അവർക്കറിയാം, ആ ചർച്ച നടത്താൻ ബിജെപി ആഗ്രഹിക്കുന്നില്ല’- രാഹുൽ പറഞ്ഞു.
‘പ്രതിപക്ഷം കാതലായ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുമ്പോഴെല്ലാം, ജനശ്രദ്ധ തിരിക്കാൻ ഇത്തരത്തിലുള്ള വിവാദങ്ങൾ സൃഷ്ടിക്കുകയാണ് ബിജെപിയുടെ പതിവ് രീതി. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ ഇപ്പോൾ പഠിച്ചു’- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.