ഇലക്ഷൻ 2024
പൊതു പ്രവർത്തനം; തിരുത്തി രാജീവ് ചന്ദ്രശേഖർ
18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ പിന്നീട് കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി.
കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
കുറിപ്പ്: എന്റെ 18 വർഷത്തെ പൊതു സേവനത്തിനു ഇന്ന് തിരശ്ശീല വീഴുന്നു. അതിൽ മൂന്ന് വർഷം നരേന്ദ്ര മോദിജിയുടെ 2.0 ടീമിൽ പ്രവർത്തിക്കാൻ സാധിച്ചു.
ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയിൽ എന്റെ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സംഭവിച്ചു.
ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും നന്ദി. പിന്തുണച്ചവർക്കും, പ്രത്യേകിച്ച് എന്നെ പ്രചോദിപ്പിക്കുകയും ഊർജസ്വനാക്കുകയും ചെയ്ത എല്ലാ പ്രവർത്തകർക്കും നേതാക്കൻമാർക്കും എന്റെ അഗാധമായ നന്ദി. കഴിഞ്ഞ മൂന്ന് വർഷം സർക്കാരിന്റെ ഭാഗമായി നിന്ന എല്ലാ സഹ പ്രവർത്തകർക്കും നന്ദി.
ബിജെപി കാര്യകർത്താവായി തുടരും. തുടർന്നും പാർട്ടിക്ക് പൂർണ പിന്തുണയും പാർട്ടിക്കായി പ്രവർത്തിക്കുകയും ചെയ്യും- അദ്ദേഹം എക്സിൽ കുറിച്ചു.