സ്കൂള്‍പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ ശല്യംചെയ്യുന്ന യുവാക്കള്‍ക്കായി പോലീസ് അന്വേഷണം. നെയ്യാറ്റിന്‍കര, കാട്ടാക്കട, പൂവാര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ബൈക്കില്‍ കറങ്ങി വിദ്യാര്‍ഥിനികളെ ശല്യംചെയ്യുന്ന രണ്ടുപേരെ കണ്ടെത്താനാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.സ്കൂള്‍പരിസരങ്ങളില്‍ വിദ്യാര്‍ഥിനികളെ തടഞ്ഞുനിര്‍ത്തി പരിചയം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഇഷ്ടമാണെന്ന് പറഞ്ഞ് ഫോണ്‍നമ്പറും ഇന്‍സ്റ്റഗ്രാം ഐ.ഡി.യും നല്കുന്നതുമാണ് യുവാക്കളുടെ രീതി. കഴിഞ്ഞദിവസം നെയ്യാറ്റിന്കരമേഖലയില് ഇത്തരത്തില്‍ ശല്യംചെയ്യല്‍ നേരിട്ട വിദ്യാര്‍ഥിനികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും സമീപപ്രദേശങ്ങളിലും സമാനരീതിയില്‍ വിദ്യാര്‍ഥിനികളെ ശല്യംചെയ്തിരുന്നതായി കണ്ടെത്തിയത്.