ഇലക്ഷൻ 2024
സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാൻ നടപടി; ആലത്തൂർ സ്ഥാനാർഥി ഡോ.സരസുവിന് മോദിയുടെ ഗ്യാരന്റി
സഹകരണബാങ്കിലെ നിക്ഷേപം നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കാൻ നിയമപരമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാർഥി ഡോ.ടിഎന്‍ സരസുവിനെ ഫോണില്‍ വിളിച്ച് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ നമസ്കാരം പറഞ്ഞ് സുഖവിവരം അന്വേഷിച്ച മോദി ആലത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ കുറിച്ച് സ്ഥാനാര്‍ഥിയോട് ചോദിച്ചറിഞ്ഞു.
മണ്ഡലത്തിലെ ജനങ്ങളോട് പ്രധാനമന്ത്രിയുടെ ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന ആശയം പങ്കുവെക്കുന്നതായും മോദിയുടെ ഗ്യാരന്‍റി തനിക്കൊപ്പമുണ്ടെന്ന കാര്യം അവരെ അറിയിച്ചെന്നും ഡോ. സരസു പ്രധാനമന്ത്രിയോട് പറഞ്ഞു.
പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകരില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും ഡോ.സരസുവിനോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഇടത് നേതാക്കള്‍ക്ക് ബന്ധമുള്ള കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന അഴിമതിയെ കുറിച്ചും സ്ഥാനാര്‍ഥി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ട സാധാരണക്കാരുടെ പണം തിരികെ ലഭിക്കാൻ നടപടിയെടുക്കുമെന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇഡി പിടിച്ചെടുത്ത സാധാരണക്കാരായ നിക്ഷേപകരുടെ പണം തിരികെ കൊടുക്കുന്നതിലുള്ള നിയമസാധ്യത പരിശോധിക്കുമെന്നും മോദി ഉറപ്പ് നല്‍കി.