ദേശീയം
കര്‍ഷക പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക്; വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച
വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക്.
ദില്ലി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരം തുടരുന്നത്.
അതേസമയം, ദില്ലിയില്‍ പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു.
കാര്‍ഷിക നിയമത്തിന്റെ ന്യൂനതകള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയമിക്കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
എന്നാല്‍ ഈ നിര്‍ദേശം കര്‍ഷകര്‍ തള്ളി. നിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. പ്രശ്ന പരിഹാരത്തിനായി മറ്റന്നാള്‍ വീണ്ടും ചര്‍ച്ച നടക്കുന്നുണ്ട്.
കര്‍ഷക സംഘടന പ്രതിനിധികളും കാര്‍ഷിക വിദഗ്ധരും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ച് വിവാദ കാര്‍ഷിക നിയമം പരിശോധിക്കാമെന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.
സമിതിക്ക് മുമ്പാകെ കര്‍ഷക സംഘടകള്‍ക്ക് ആശങ്കകള്‍ പങ്കുവെക്കാം. സമിതി നല്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ ഈ നിര്‍ദ്ദേശം തള്ളിയ കര്‍ഷക സംഘടനകള്‍ വിവാദ നിയമം പിന്‍വലിക്കുക തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.
നിയമം പിന്‍വലിക്കുക എളുപ്പമല്ല എന്ന് കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും വ്യക്തമാക്കി. ദില്ലിയുടെ മൂന്ന് അതിര്‍ത്തികളിലും സ്തംഭനാവസ്ഥ തുടരുകയാണ്.