Kerala
ഉപഭോക്താക്കൾ ശ്രദ്ധിക്കൂ; ഓൺലൈൻ വൈദ്യുതി ബിൽ തട്ടിപ്പ്


ദിനംപ്രതി നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് പുതിയ തട്ടിപ്പുകൾ പുറത്തുവരികയാണ്. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളയച്ച് തട്ടിപ്പിൽപെടുത്തുകയാണ് ചെയ്യുന്നത്. ഔദ്യോഗിക ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള സന്ദേശങ്ങളായി ഇവ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. തട്ടിപ്പിന്റെ വഴികൾ അറിയാം.
നിങ്ങളുടെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്ല് ഇതുവരെ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നും ആയതിനാൽ ഇന്ന് രാത്രിയോടുകൂടി കണക്ഷൻ വിച്ഛേദിക്കുമെന്നും പറഞ്ഞുകൊണ്ടാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതുകണ്ട് ആശയകുഴപ്പത്തിലാകുന്നവർ ബില്ല് അടയ്ക്കാനായി ശ്രമിക്കും. ഇതിനായി സന്ദേശത്തിന് താഴെ ലിങ്കുകളും നല്കിയിട്ടുണ്ടാവും.
“പ്രിയ ഉപഭോക്താവേ, നിങ്ങളുടെ മുൻ മാസത്തെ ബിൽ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ ഇന്ന് രാത്രി 9.30 ന് നിങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കപ്പെടും ദയവായി ഉടൻ ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറെ ബന്ധപ്പെടുക. നമ്പർ: 82603XXX42 നന്ദി”.
ഇത്തരത്തിലുള്ള വ്യാജ സ്എംഎസോ സന്ദേശമോ ലഭിച്ചിട്ടുണ്ടെങ്കിൽ, അതിൽ കൊടുത്ത നമ്പറിൽ വിളിക്കുകയോ ഈ സന്ദേശങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.
നിയമാനുസൃതമാണെന്ന് തോന്നുന്ന രീതിയിലാണ് ഈ സന്ദേശങ്ങൾ ഉണ്ടാകുക. ഔദ്യോഗിക ലോഗോകളും ഭാഷയും ഇവർ ഉപയോഗിച്ചേക്കാം. സ്വീകർത്താവിന്റെ പേരും അക്കൗണ്ട് നമ്പറും അവർ ഉൾപ്പെടുത്തിയേക്കാം. ഇത് യഥാർത്ഥ സന്ദേശങ്ങളും വഞ്ചനാപരമായ സന്ദേശങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതോടെ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും വിളിക്കുകയുംചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ വിജയകരമായി തട്ടിപ്പുകാർ ചോർത്തുകയും ചെയ്യുന്നു. ടീംവ്യൂവർ ക്വിക്ക് സപ്പോർട്ട് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആണ് നൽകുന്നത്. ഇതിലൂടെയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്.