കേരളം
നവജാത ശിശു ബക്കറ്റിൽ മരിച്ച നിലയിൽ; അമ്മ പൊലീസ് നിരീക്ഷണത്തിൽ
നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശൂർ അടാട്ടാണ് സംഭവം. 42കാരിയായ അമ്മ പൊലീസ് നിരീക്ഷണത്തിൽ.
രക്തസ്രാവത്തെ തുടർന്നു ശനിയാഴ്ച രാത്രി യുവതി ബന്ധുക്കൾക്കൊപ്പം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പരിശോധനയിൽ യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്നു ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകി.
പിന്നാലെ യുവതിയുടെ വീട്ടിലെത്തിയ പൊലീസാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചു. യുവതി നിലവിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവതിയുടെ ഭർത്താവ് രണ്ട് വർഷം മുൻപാണ് മരിച്ചത്.