ആരോഗ്യം
കേരളത്തില്‍ കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം; അനാവശ്യമായ ഭീതി പരത്തരുതെന്നു മുഖ്യമന്ത്രി
രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ദിനം പ്രതി അയ്യായിരത്തോളം വൈറസ് കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു പിന്നാലെ കേരളത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് വൈറസിന്റെ പുതിയ ജനിതകവ്യതിയാനം വന്നിരിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. എന്നാല്‍ ആശങ്കാജനകമായ രീതിയില്‍ ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
‘വൈറസുകളില്‍ ജനിതക വ്യതിയാനം വരുന്നത് സ്വാഭാവികമാണ്. ഒരു മഹാമാരിയുടെ പശ്ചാത്തലത്തില്‍ അക്കാര്യം വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതും പഠനവിധേയമാക്കേണ്ടതും അനിവാര്യമാണ്.
അതുകൊണ്ടു തന്നെയാണ് കേരളത്തില്‍ കോവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം നമ്മള്‍ പഠന വിധേയമാക്കുന്നത്. അങ്ങനെ കൃത്യമായി വൈറസുകളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനം കേരളമാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അതിനോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള സാമ്ബിളുകള്‍ പരിശോധിക്കുന്നുണ്ട്. ജനിതക വ്യതിയാനങ്ങള്‍ അതിന്റെ ഭാഗമായി കണ്ടെത്തുകയും അവയുടെ സ്വഭാവത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മേല്പറഞ്ഞ ജനിതക വ്യതിയാനം ഏതെങ്കിലും തരത്തില്‍ അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന വിവരം ഔദ്യോഗികമായി ലഭിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.
തീര്‍ത്തും അക്കാദമികമായ ഇത്തരം പഠനങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കുമ്ബോള്‍ കൂടുതല്‍ അവധാനത കാണിക്കേണ്ടതുണ്ട്. അനാവശ്യമായ ഭീതി പരത്താനല്ല, ശാസ്ത്രീയമായ വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ നല്‍കി ബോധവല്‍ക്കരിക്കാനാണ് പൊതുവെ ശ്രമിക്കേണ്ടത്.’ മുഖ്യമന്ത്രി പറഞ്ഞു.