ദേശീയം
രാജ്യത്തെയാകെ ഞെട്ടിച്ച നാല് വയസ്സുകാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
രാജ്യത്തെയാകെ ഞെട്ടിച്ച നാല് വയസ്സുകാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മൃതദേഹവുമായാണ് യാത്രയെന്ന് പുറത്തറിയാതിരിക്കാൻ വിമാനയാത്ര ഒഴിവാക്കി ടാക്സി കാറിലാണ് സുചന സേത്ത് ഗോവയിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്തത്. വിമാന ടിക്കറ്റിന് ചാർജ് കുറവാണെന്ന് പറഞ്ഞിട്ടും കാർ വേണമെന്ന് ഇവർ നിർബന്ധം പിടിക്കുകയായിരുന്നുവെന്ന് സുചനയും കുഞ്ഞും താമസിച്ച അപ്പാർട്ട്മെന്റിലെ മാനേജർ ഗഗൻ കംബീർ പൊലീസിനോട് പറഞ്ഞു. കാറിന് 30000 രൂപയാണെന്ന് അറിയിച്ചപ്പോൾ അത് നൽകാൻ സുചന തയ്യാറായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയാണ് സുചന യാത്ര ചെയ്തത്. ഇത് പിടിക്കപ്പെടാതിരിക്കാനാണ് യാത്ര വിമാനത്തിലാക്കാതെ വലിയ തുക നൽകി ടാക്സി കാറിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
ഗോവയിൽ നിന്ന് ബെംഗളുരുവിലേക്ക് ഒരാൾക്ക് 2600 മുതൽ 3000 രൂപവരെയാണ് വിമാനടിക്കറ്റ് നിരക്ക്. ഇതിന് പകരമാണ് 30000 രൂപ ചെലവാക്കാൻ സുചന തയ്യാറായത്. ജനുവരി ആറ് മുതൽ 10 വരെയാണ് സുചന അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തത്. തുക മുൻകൂറായി നൽകിയിരുന്നു. ജനുവരി ആറിന് ചെക്ക് ഇൻ ചെയ്ത സുചന എന്നാൽ ജനുവരി എട്ടിന് പുലർച്ചെ 12.30 ന്അപ്പാർട്ട്മെന്റ് ചെക്കൌട്ട് ചെയ്തുവെന്നും മാനേജർ പൊലീസിന് മൊഴി നൽകി.
ജനുവരി ഏഴിന് വൈകീട്ട് നാല് മണിക്ക് റിസപ്ഷനിൽ വിളിച്ച് രണ്ട് കുപ്പി കഫ് സിറപ്പ് സുചന ആവശ്യപ്പെട്ടു. പ്രത്യേക ബ്രാന്റും നിർദ്ദേശിച്ചിരുന്നു. തനിക്ക് വേണ്ടിയാണ് കഫ്സിറപ്പെന്നാണ് ഇവർ പറഞ്ഞത്. അപ്പാർട്ട്മെന്റി ജീവനക്കാർ മരുന്ന് വാങ്ങി സുചനയ്ക്ക് നൽകിയെന്നും മാനേജർ പറഞ്ഞു. സുചന ചെക്ക് ഔട്ട് ചെയ്ത അന്നുതന്നെ അപ്പാർട്ട്മെന്റ് വൃത്തിയാക്കുമ്പോഴാണ് ടവ്വലിൽ രക്തക്കറ കണ്ടത്. പിന്നാലെ മാനേജർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.