കേരളം
കൊവിഡിനൊപ്പം ജീവിക്കുക, അതോടൊപ്പം ടൂറിസം വളര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി
കൊവിഡ് നമ്മോടൊപ്പം നിലനില്‍ക്കുന്നുവെന്ന് വരുമ്പോള്‍ കൊവിഡിനൊപ്പം ജീവിക്കുക അതോടൊപ്പം ടൂറിസം വളര്‍ത്തുക എന്ന നിലപാടാണ് സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ ഓണ വാരാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്നതാണ് ഇക്കുറി ടൂറിസം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന പ്രമേയം. നാടിനു പുറമേ ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ഇതാഘോഷിക്കാവുന്നതാണ്.
കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങള്‍ സജ്ജമാക്കുകയാണ്. വാക്സിനേഷന് സ്വീകരിച്ചവര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇതോടെ അവസരമൊരുങ്ങും. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതിനാല് വീടുകളില്‍ തന്നെ ഒതുങ്ങിയുള്ള ആഘോഷമാണ് അഭികാമ്യമായുള്ളത്. വലിയ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് മലയാളിക്ക് ആഘോഷിക്കേണ്ടി വരുന്നു. ഈ പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് തന്നെയാണ് വിനോദസഞ്ചാര വകുപ്പ് ഓണം വാരാഘോഷം സംഘടിപ്പിച്ചത്.
അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും 20 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കുന്ന മേഖലയാണ് ടൂറിസം. 2016 മുതല്‍ ടൂറിസ്റ്റുകളുടെ വരവില്‍ ഗണ്യമായ കുറവ് തുടങ്ങിയിരുന്നു. 2018 ആയപ്പോള്‍ സ്ഥിതി മെച്ചപ്പെട്ട് ആഭ്യന്തര ടൂറിസ്റ്റുകള്‍ 35 ലക്ഷമായി വര്‍ധിച്ചിരുന്നു. ഒന്നേകാല്‍ ലക്ഷം വിദേശ ടൂറിസ്റ്റുകള്‍ അധികമായി വന്നിരുന്നു. ഈ മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണെന്നതിന്റെ തെളിവായിരുന്നു ഇത്. എന്നാല്‍ നിപ, ഓഖി, മഹാപ്രളയം, കാലവര്‍ഷക്കെടുതി തുടങ്ങിയവ ഈ സംസ്ഥാനം നേരിട്ടു. ജീവനും സ്വത്തിനും വലിയ നഷ്ടങ്ങള്‍ ഉണ്ടായി.
ഇതെല്ലാം ഏറ്റവുമധികം ബാധിച്ചത് ടൂറിസം മേഖലയെയാണ്. ഇത്രയേറെ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 2019 ല്‍ 11,89,000 വിദേശ ടൂറിസ്റ്റുകള്‍, 1 കോടി ആഭ്യന്തര ടൂറിസ്റ്റുകള്‍ എന്നിവര്‍ കേരളത്തിലെത്തി. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം, തുടര്‍ച്ചയായി ക്രമസമാധാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന സംസ്ഥാനം എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. ലോകനിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രകൃതി ഭംഗി, മികച്ച ആതിഥേയത്വം എന്നിവയാണ് കേരളത്തിന്റെ ആകര്‍ഷണം. പ്രതിസന്ധി ഘട്ടത്തിലും ഈ മേഖലയ്ക്ക് മുന്നേറാന്‍ ഈ ഘടകങ്ങള്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.