ദേശീയം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്കര് എന്‍ട്രി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ടിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രി. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്.
ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കറില് മത്സരിക്കുക. 2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്കര് എന്‍ട്രി ലഭിക്കുന്നത്. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെട്ടിരിക്കുന്നത്.
ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. എസ് ഹരീഷും ആര് ജയകുമാറും ചേര്‍ന്ന തിരക്കഥയെഴുതിയ ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.
2019ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു. ഗോവ അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു. 14 അംഗ ജൂറിയാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തത്. 27ലധികം സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്.
ദ ഡിസിപ്പിള്‍, ഛപ്പക്, ഗുഞ്ജന്‍ സക്സേന, ശിക്കാര, ബിറ്റല് സ്വീറ്റ്, ബുല്‍ബുല്‍, ഗുലാബോ സിതാബോ, ഛലാങ്, മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ മൂത്തോന് എന്നീ സിനിമകളെയൊക്കെ മറികടന്നാണ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്കര് എന്‍ട്രി ലഭിച്ചത്. 2021 ഏപ്രില്‍ 25നാണ് ഓസ്കര് പ്രഖ്യാപനം.