Connect with us

Kerala

വെള്ളക്കരം വർധിപ്പിച്ചു, തിങ്കളാഴ്ച മുതൽ പുതിയ നിരക്ക്, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ബാധകമല്ല

Published

on

വെള്ളത്തിന് വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വർധന വരും. എന്നാൽ ദാരിദ്ര്യരേഖക്ക് താഴെ വരുന്നവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 14.40 മുതൽ 22 രൂപവരെയാണ്.

2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വർധന നിർദേശം സമർപ്പിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം വർധനക്ക് അനുമതി നൽകി. രണ്ടുവർഷം മുമ്പ് പ്രതിവർഷം അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിരക്ക് വർധന. ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാൻ 23 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക.

Advertisement