സാമ്പത്തികം
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ | Gold rate today
ആഭരണ പ്രിയരെയും വിവാഹം ഉള്‍പ്പെടെ ആഘോഷ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും ആശങ്കപ്പെടുത്തി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. 45 രൂപ വര്‍ദ്ധിച്ച് 6,080 രൂപയാണ് ഗ്രാം വില. 360 രൂപ ഉയര്‍ന്ന് പവന്‍വില 48,640 രൂപയിലുമെത്തി.
കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം 9ന് കുറിച്ച ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്.
കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന പവന് 3,120 രൂപയാണ്. ഗ്രാമിന് 390 രൂപയും ഉയര്‍ന്നു. അനുദിനം റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ മാസത്തിന്റെ തുടക്കംമുതലും കണ്ടത്. ഫെബ്രുവരി 15ന് 45,520 രൂപ മാത്രമായിരുന്നു പവന്‍വില. ഗ്രാം വില അന്ന് 5,830 രൂപയുമായിരുന്നു.
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,050 രൂപയായി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്; ഗ്രാമിന് 80 രൂപ.
പവന് ഇന്നത്തെ വില 48,640 രൂപയാണെങ്കിലും ആ വില കൊടുത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാവില്ല. ചില ജുവലറികള്‍ പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 48,640 രൂപ മതിയാവില്ല ഒരു പവന്‍ ആഭരണം വാങ്ങാന്‍. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് (HUID) ഫീസും കൊടുക്കണം.
ഒട്ടുമിക്ക ജുവലറികളും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ഈടാക്കാറുണ്ട്. അങ്ങനെയെങ്കില്‍, ഇന്ന് ഏറ്റവും കുറഞ്ഞത് 52,600 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതായത്, ഏതാണ്ട് 4,000 രൂപയെങ്കിലും അധികം കൈയില്‍ കരുതണം. ചില ജുവലറികള്‍ ആഭരണത്തിന്റെ രൂപകല്‍പനയ്ക്ക് ആനുപാതികമായി 20 ശതമാനത്തിന് മുകളിലും പണിക്കൂലി വാങ്ങാറുണ്ട്. അത്തരം ആഭരണങ്ങള്‍ക്ക് വില ഏറെ കൂടുതലുമായിരിക്കും.
9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.