Connect with us

Kerala

താനൂര്‍ ബോട്ടപകടം: റിട്ട.ജസ്റ്റിസ് വി.കെ.മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും

Published

on

താനൂര്‍ തൂവല്‍തീരം ബീച്ചിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടർവെയ്സ് ആൻഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ കമ്മിഷന്‍ അംഗങ്ങളായിരിക്കും.

ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരുക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതിനു പുറമെ ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി നാഗ്പൂരില്‍ എത്തി അവിടെ വച്ച് അസുഖം ബാധിച്ച് മരിച്ച അമ്പലപ്പുഴ സ്വദേശിനി നിദാ ഫാത്തിമയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ ധനസഹായവും അനുവദിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കണക്കിലെടുത്താണ് തീരുമാനം.

Advertisement