രാജ്യാന്തരം
അറബിക്കടലില്‍ വീണ്ടും രക്ഷകരായി ഇന്ത്യന്‍ നാവികസേന; 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടൽ
അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇറാനിയന്‍ മത്സ്യബന്ധന കപ്പലിനെ സുരക്ഷിതമാക്കി ഇന്ത്യന്‍ നാവികസേന. കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ (എഫ്വി) ട്രാക്കുചെയ്യാന്‍ ഇന്ത്യന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ വ്യാഴാഴ്ച പുറപ്പെടുകയും വെള്ളിയാഴ്ച വൈകിട്ടോടെ നാവികസേന വിജയകരമായി ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ ‘അല്‍ കമ്പാര്‍ 786’ നെ സുരക്ഷിതമാക്കുകയും ചെയ്തു.
12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന് ജീവനക്കാരേയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു.
സംഭവസമയത്ത് സൊകോത്രയില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായിരുന്നു കപ്പല്‍, ഒമ്പത് സായുധ കടല്‍ക്കൊള്ളക്കാര്‍ കപ്പലില്‍ കയറിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി അറബിക്കടലില്‍ വിന്യസിച്ച ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. കഴിഞ്ഞ 100 ദിവസത്തിനിടെ നാവികസേന നടത്തിയ പൈറസി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.
ഈ മാസം ആദ്യം നാവികസേന ഒരു ബംഗ്ലാദേശ് കപ്പലിനെ കടല്‍ക്കൊള്ള ആക്രമണത്തില്‍ നിന്ന് രക്ഷിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് വിവിധ കടല്‍ക്കൊള്ള വിരുദ്ധ ഓപറേഷനുകളില്‍ പാകിസ്ഥാനില്‍ നിന്നുള്ള 27 പേരെയും ഇറാനില്‍ നിന്നുള്ള 30 പേരേയുമടക്കം നൂറിലധികം പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.