ദേശീയം
രാജ്യത്ത് ഇന്നലെ 46,759 പേര്‍ക്ക് കോവിഡ്; 509 മരണം
രാജ്യത്ത് ഇന്നലെ 46,759 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 32,801ഉം കേരളത്തിലാണ്. 509 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ 170ഉം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,26,49,947 ആയി.
ഇതില്‍ 3,18,52,802 പേര് രോഗമുക്തി നേടി. 31,374 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,59,775 പേര് ചികിത്സയിലുണ്ട്. രാജ്യത്തെ ആകെ കോവിഡ് മരണം 4,37,370. ഇന്നലെ വരെ 62,29,89,134 പേര് വാക്സിന് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,03,35,290 പേരാണ് വാക്സിന് സ്വീകരിച്ചത്.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയൊന്ന് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 45 ലക്ഷത്തോട് അടുത്തു. അഞ്ച് ലക്ഷത്തിലധികം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം പത്തൊൻപത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. നിലവിൽ ഒരു കോടി എൺപത്തിയഞ്ച് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.
പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസിൽ ഒന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷമായി ഉയർന്നു.6.53 ലക്ഷം പേർ മരിച്ചു. മൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.