ദേശീയം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പുതിയ രോഗികൾ; 389 മരണം
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,24,49,306 ആയി. 389 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണം 4,34,756 ആയി.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 44,157 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,16,80,626 പേർ ഇതുവരെ രോഗമുക്തി നേടി.
അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.44.43 ലക്ഷം പേർ മരിച്ചു. ഒരു കോടി തൊണ്ണൂറ് ലക്ഷം പേർ ചികിത്സയിലുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി എൺപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്.6.45 ലക്ഷം പേർ മരിച്ചു. രോഗമുക്തരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.