കേരളം
സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തി ദിനം വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രവർത്തി ദിനം 220 ആക്കിയതിനെതിരായ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്.
ശനിയാഴ്ചകളിൽ കൂടി പ്രവർത്തി ദിനമാക്കി ആഴ്ചയിൽ ആറ് ദിവസം വരെ സ്‌കൂളുകൾ പ്രവർത്തിക്കുന്ന നിലയിലേക്കാണ് പ്രവർത്തിദിന വർധന വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയത്. പ്രവർത്തി ദിനം വർധിപ്പിച്ച നടപടി സർക്കാർ ഏകപക്ഷീയമായി നടപ്പാക്കിയെന്നാണ് ഹർജിക്കാരുടെ ആരോപണം.
അധ്യാപകരെയും, രക്ഷിതാക്കളെയും അസോസിയേഷനെയും സർക്കാർ കേട്ടില്ല. പ്രവൃത്തിദിനം കൂട്ടിയത് വിദ്യാഭ്യാസ കലണ്ടറായി ഇറക്കിയതല്ലാതെ ഉത്തരവിറക്കിയിട്ടില്ലെന്നും അതിനാൽ ചട്ടലംഘനമാണെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജിയിൽ ഹൈക്കോടതി വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു.
ഇതിന്റെ മറുപടി കൂടി പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കുക. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്.