കേരളം
അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന് പോലീസ്
ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡിജിപി. ആദ്യ അന്വേഷണത്തില്‍ തന്നെ പ്രതിയെ പിടികൂടി. പിന്നെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമവും നടത്തി. ഒരു വീഴ്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വേണ്ട നടപടികളെല്ലാം പൊലീസ് സ്വീകരിക്കുന്നുണ്ട്. മറ്റ് കാര്യങ്ങളിലേക്ക് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം കടക്കും. പൊലീസ് വളരെ പെട്ടന്നാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതെന്നും ഡിജിപി ഷേഖ് സര്‍വേഷ് സാഹിബ് പറഞ്ഞു.
കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം ഗുരുതരമായ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ അസഫാക്കെന്ന പതി കഴിഞ്ഞ രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകള്‍ക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.