രാജ്യാന്തരം
മലേഷ്യയില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട; 30 ദിവസം വരെ താമസിക്കാന്‍ ഇളവ്
മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു.
പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിലാണ് അന്‍വര്‍ ഇബ്രാഹിം പ്രഖ്യാപനം നടത്തിയത്. എന്നാല്‍ എത്രനാള്‍ വരെ ഈ ഇളവ് തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. മലേഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശീയരില്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വലിയ പങ്കുണ്ട്. സന്ദര്‍ശകരുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഏകദേശം 91 ലക്ഷം ടൂറിസ്റ്റുകളാണ് മലേഷ്യയില്‍ എത്തിയത്. ഇതില്‍ അഞ്ചുലക്ഷത്തോളം പേര്‍ ചൈനക്കാരാണ്. ഇന്ത്യക്കാരുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷത്തോളം വരും. കോവിഡിന് മുന്‍പ് ഇതില്‍ കൂടുതല്‍ ഇന്ത്യക്കാരും ചൈനക്കാരും മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2019ലെ കണക്കനുസരിച്ച് മലേഷ്യ സന്ദര്‍ശിച്ച ചൈനക്കാരുടെ എണ്ണം ഈ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. 2019ല്‍ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അധികമായി മലേഷ്യ സന്ദര്‍ശിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തായ്‌ലന്‍ഡ് സ്വീകരിച്ച നടപടിയ്ക്ക് സമാനമായാണ് മലേഷ്യയുടെ തീരുമാനം. ഈ വര്‍ഷം ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും വിസ ഇല്ലാതെ രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അവസരമാണ് തായ്‌ലന്‍ഡ് ഒരുക്കിയിരിക്കുന്നത്. സമാനമായ നിലയില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും മലേഷ്യ ഇളവ് അനുവദിച്ചത്.