കേരളം
ഡോ.റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു, ബന്ധുക്കളെ പ്രതി ചേർക്കും
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ.ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ഐഎംഎ അംഗത്വം സസ്പെൻഡ് ചെയ്തു. പുറത്താക്കിയതായി കാണിച്ച് ഐഎംഎ പ്രസ്താവനയിറക്കി. പി. ജി ഡോക്ടർമാരുടെ സംഘടനയായ കെഎംപിജിഎയുടെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ്. സാമൂഹിക വിഷയങ്ങളിൽ സ്ഥിരം അഭിപ്രായം പറയുന്ന യുവ ഡോക്ടറാണ് മറ്റൊരു ഡോക്ടറടെ മരണത്തിൽ പ്രതിയായത്.
ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പൊലീസ് എഫ് ഐആറിലുളളത്. ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നൽകാനാത്തതിനാൽ വിവാഹ ബന്ധത്തിൽ നിന്നും റുവൈസ് പിൻമാറിയതാണ് സുഹൃത്തായ ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്. പൊലീസ് അറസ്റ്റ് ചെയ്ത റുവൈസിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പൊലിസിന്റെ തീരുമാനം
ഇതിനായി തെളിവെടുപ്പുകള്ക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഷഹ്നയുടെ ആത്മഹത്യയിൽ കൂടുതൽ പേർ പ്രതികളാകും. കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേർക്കുന്നതിനാണ് പൊലീസ് തീരുമാനം. ബന്ധുക്കൾ സ്ത്രീധന തുക ചോദിക്കുകയും സമ്മർദ്ദം ചെലത്തുകയും ചെയ്തുവെന്ന് ഷഹ്നയുടെ അമ്മ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റുവൈസിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യും.