ഇലക്ഷൻ 2024
കെ സി വേണുഗോപാൽ മത്സരിച്ച് ജയിച്ചാൽ രാജ്യസഭയിൽ ബിജെപിക്ക് സീറ്റ് കൂടും; ആശയക്കുഴപ്പത്തിൽ കോൺഗ്രസ്
കെ സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചാൽ കോൺഗ്രസിന് രാജ്യസഭയിലെ പ്രാതിനിധൃത്തിൽ കുറവ് വരുന്ന സാഹചര്യം ദേശീയ നേതൃത്വം പരിഗണിച്ചേക്കും. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ കെ സി വേണുഗോപാലിൻ്റെ രാജ്യസഭാ കാലാവധി 2026 ജൂൺ 21 വരെയാണ്. ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കെ സി വേണുഗോപാലിന് രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ടിവരും.
വേണുഗോപാൽ രാജിവയ്ക്കുന്ന ഒഴിവിൽ നിന്ന് വീണ്ടും വിജയിച്ചു വരാനുള്ള സാഹചര്യം ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസിനില്ല. രണ്ട് കൊല്ലം കൂടി കാലാവധി ശേഷിക്കെ കൈവശമുള്ള രാജ്യസഭാ സീറ്റിൽ ബിജെപിക്ക് വിജയിക്കാൻ സാഹചര്യമൊരുക്കുന്നത് ഗുണകരമാകില്ലെന്ന അഭിപ്രായം കോൺഗ്രസിൽ ഒരുവിഭാഗത്തിനുണ്ട്. രാജ്യസഭയിലും ബിജെപി മൃഗീയ ഭൂരിപക്ഷത്തിന് ശ്രമിക്കുന്ന ഘട്ടത്തിൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി ബിജെപിക്ക് സഹായകമാകുന്ന നിലയിൽ സീറ്റ് രാജിവെയ്ക്കുന്നതിൽ കോൺഗ്രസിലും എതിർപ്പ് ഉയർന്നേക്കും.
ഇപ്പോൾ 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേയ്ക്ക് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിലും ഹിമാചൽ പ്രദേശിലും ബിജെപി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. നിലവിലെ കക്ഷിനില വെച്ച് കർണ്ണാടകയിൽ കോൺഗ്രസിന് മൂന്ന് രാജ്യസഭാ അംഗങ്ങളെയും ബിജെപി-ജെഡിഎസ് സഖ്യത്തിന് ഒരു രാജ്യസഭാ അംഗത്തെയും വിജയിപ്പിക്കാൻ കഴിയും. എന്നാൽ അഞ്ചാമതൊരു സ്ഥാനാർത്ഥിയെ നിർത്തി കർണ്ണാടകയിൽ നിന്ന് ഒരു സീറ്റ് കൂടുതൽ നേടാനുള്ള ശ്രമത്തിലാണ് ബിജെപി. ഹിമാചലിൽ ഒഴിവുള്ള ഒരു രാജ്യസഭാ സീറ്റിലേയ്ക്ക് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്ങ്‌വിക്കെതിരെയും ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ ഒഴിവുള്ള പത്ത് രാജ്യസഭാ സീറ്റിൽ ഏഴെണ്ണം ബിജെപിക്കും മൂന്നെണ്ണം എസ് പിക്കും നിലവിലെ നിയമസഭാ കക്ഷിനില അനുസരിച്ച് വിജയിക്കാൻ കഴിയും. എന്നാൽ എട്ടാമതൊരു സ്ഥാനാർത്ഥിയെ കൂടി നിർത്തി ഉത്തർപ്രദേശിൽ എസ് പിക്ക് സ്വാഭാവികമായി ലഭിക്കുമായിരുന്ന സീറ്റ് കൂടി നേടാനുള്ള ശ്രമത്തിലാണ് ബിജെപി. മുന്‍ എസ് പി നേതാവ് സഞ്ജയ് സേത്തിനെയാണ് എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മത്സരിപ്പിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയിലെ 10 എംഎല്‍എമാര്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ഈ നിലയിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികൾക്ക് രാജ്യസഭയിൽ നിയമസഭകളിലെ കക്ഷിനില അനുസരിച്ച് ലഭിക്കേണ്ട പ്രാധിനിത്യം കൂടി തടയുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസിൻ്റെ സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി രാജ്യസഭാ അംഗത്വം രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നത് ഗുണകരമാകില്ല എന്ന വിമർശനം പരിഗണിക്കാതെ പോകാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞേക്കില്ല. നിലവില്‍ പത്ത് രാജ്യസഭാ സീറ്റുള്ള രാജസ്ഥാനില്‍ ആറെണ്ണവും കോണ്‍ഗ്രസിനാണ്.