ദേശീയം
ഐ ടി നിയമങ്ങൾ പാലിക്കുന്നില്ല, ട്വിറ്ററിനു നോട്ടീസ് അയച്ചു ഹൈക്കോടതി
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ഐ.ടി നിയമങ്ങള്‍ ട്വിറ്റർ പാലിക്കുന്നില്ലെന്ന് കാട്ടി സമര്‍പ്പിച്ച ഹർജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. പുതിയ നിയമങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവ ട്വിറ്റര്‍ പാലിക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു.
അഡ്വ. അമിത് ആചാര്യ എന്നയാളാണ് ട്വിറ്ററിനെതിരെ ഹർജി ഫയല്‍ ചെയ്തത്. പരാതികള്‍ സമര്‍പ്പിക്കാന്‍ സമൂഹമാധ്യമങ്ങള്‍ പ്രത്യേക ഓഫീസറെ നിയമിക്കണമെന്ന ചട്ടം ട്വിറ്റര്‍ പാലിക്കുന്നില്ലെന്നും വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച വിവരങ്ങളില്ലെന്നുമായിരുന്നു ഹർജിക്കാരന് ചൂണ്ടിക്കാട്ടിയത്.
പരാതിപരിഹാര ഉദ്യോഗസ്ഥനായി യു.എസ് സ്വദേശിയെ നിയമിച്ചിട്ടുണ്ടെന്നും എന്നാല്‍, ഐ.ടി നിയമത്തിലെ പുതിയ ചട്ടങ്ങള്‍ പ്രകാരം ഇതു മതിയാകില്ലെന്നും ഹർജിയില്‍ പറയുന്നു.
അതേസമയം, പുതിയ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും സ്വദേശിയായ പരാതിപരിഹാര ഓഫീസറെ മേയ് 28ന് നിയമിച്ചതായും ട്വിറ്റര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം നല്‍കാമെന്നും ട്വിറ്റര്‍ അറിയിച്ചു. കേസ് വീണ്ടും ജൂലൈ ആറിന് പരിഗണിക്കും.