ദേശീയം
ഹിന്ദി അടിച്ചേല്‍പ്പിക്കേണ്ട; ഔദ്യോഗിക ഭാഷാ നിയമം കര്‍ശനമായി പിന്തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി
1963ലെ ഔദ്യോഗിക ഭാഷാ നിയമം കര്‍ശനമായി പിന്തുടരണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ട് മദ്രാസ് ഹൈക്കോടതി. മധുരയില്‍ നിന്നുള്ള ലോക്സഭാ എം പി എസ് വെങ്കിടേഷ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്ജിയിന്മേല് ജസ്റ്റിസ് എന്‍ കിരുബാക്കരന്‍, എം ദുരൈസ്വാമി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെതാണ് വിധി.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 780 നിയമനങ്ങള്‍ നികത്തുന്നതിനു വേണ്ടി നടത്തിയ എഴുത്തുപരീക്ഷയില്‍ പോണ്ടിച്ചേരിയില്‍ ഒരു പരീക്ഷാ കേന്ദ്രം പോലും അനുവദിച്ചിരുന്നില്ല. ഇത് സൂചിപ്പിച്ച് എം പി വെങ്കിടേഷ് അയച്ച കത്തിന് കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വന്നത് ഹിന്ദിയിലാണ്. മറുപടി ഹിന്ദിയിലായിരുന്നതിനാല്‍ തനിക്ക് മറുപടി കത്തിലെ ഉള്ളടക്കം എന്തെന്ന് വായിച്ച് മനസിലാക്കുവാന്‍ സാധിച്ചില്ലെന്ന് വെങ്കിടേഷ് കോടതിയെ അറിയിച്ചു.
ആവശ്യം ഉന്നയിച്ച കത്തിലെ അതേ ഭാഷയില്‍ തന്നെ മറുപടിയും അയയ്ക്കണമെന്നത് ഒരു സാമാന്യ മര്യാദയാണെന്ന് കേന്ദ്രത്തെ ഓര്‍മിപ്പിച്ച കോടതി 1963ലെ നിയമം അനുസരിച്ച് കേന്ദ്രം ഇനി മുതല്‍ തമിഴ്നാട്ടിലേക്കുള്ള കത്തുകളില്‍ ഇംഗ്ലീഷില്‍ അയയ്ക്കണമെന്ന് നിര്‍ദേശിച്ചു. ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ടെന്ന് കേന്ദ്രം മനസിലാക്കണമെന്ന് കോടതി നിരീക്ഷിച്ചു