സാമ്പത്തികം
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ
വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് സംസ്ഥാനത്ത് സ്വർണവില. ഇന്നലെ 200 രൂപയുടെ കുറവ് ഉണ്ടായെങ്കിലും വില 54000 ത്തിന് മുകളിൽ തന്നെയായിരുന്നു. ഇന്ന് 640 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായത്. ഇതോടെ 54,720 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. 6840 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മൂന്നാം തവണയാണ് ഇതേ വിലയിൽ വ്യാപാരം നടക്കുന്നത്. മെയ് 13 നും മെയ് 15 നും സ്വർണവില ഇതേ നിരക്കിൽ എത്തിയിരുന്നു. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. മെയ് രണ്ടിനും മെയ് എട്ടിനും സ്വർണ്ണവില 53000 ത്തിൽ എത്തിയിരുന്നു.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.
കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.