കേരളം
വ്യാജ ഇലക്ഷൻ പരിശോധന; 94 ലക്ഷം തട്ടിയെടുത്തു
വ്യാജ ‘ഇലക്ഷൻ അർജന്റ്’ ബോർഡ് വച്ച് കാറിലെത്തിയ സംഘം പച്ചക്കറി ലോറിയിൽ നിന്ന് 94 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ദേശീയപാതയിൽ മരത്താക്കര പുഴമ്പള്ളത്താണ് സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഒല്ലൂർ പൊലീസിൽ പരാതി നൽകി.
കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നു മൂവാറ്റുപുഴയ്ക്കു പോയ പച്ചക്കറി ലോറിയിൽ നിന്നാണു പണം നഷ്ടപ്പെട്ടത്.ഇത്രയും വലിയ തുക ലോറിയിൽ കൊണ്ടുപോയതിലും സംശയമുണ്ട്. സ്വർണക്കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട പണമാണിതെന്നാണു സൂചന.
ലോറിക്കു മുൻപിൽ കാർ നിർത്തിയ ശേഷം പരിശോധനയ്ക്കായി ജീവനക്കാരെ വിളിച്ചിറക്കുകയും കാറിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അൽപസമയത്തിനു ശേഷം ലോറിക്കരികിൽ ജീവനക്കാരെ തിരിച്ചിറക്കി വിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതെന്നാണു പരാതിയിൽ പറയുന്നത്.