National
‘തീകൊണ്ടു കളിക്കരുത്’, ഗവർണർമാർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ചെന്ന് സുപ്രീംകോടതി


സംസ്ഥാന സർക്കാരിന്റെ ഉപദേശം അനുസരിച്ചാണ് ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. പഞ്ചാബ് നിയമസഭ സമ്മേളനത്തിന്റെ സാധുത ചോദ്യം ചെയ്ത ഗവർണർക്ക് തീകൊണ്ടു കളിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്കി. പിടിച്ചുവെച്ച ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കാൻ കോടതി പഞ്ചാബ് ഗവർണറോട് ആവശ്യപ്പെട്ടു.
പഞ്ചാബിൽ നാല് ബില്ലുകളാണ് ഗവർണർ ബൻവാരിലാൽ പുരോഹിത് പിടിച്ചു വച്ചിരിക്കുന്നത്. മാർച്ചിൽ ചേർന്ന നിയമസഭ സമ്മേളനം അവസാനിപ്പിക്കാതെ ജൂണിൽ ഇതിന്റെ തുടർച്ചയായി സഭ വിളിച്ചാണ് ബില്ലുകൾ പാസാക്കിയത്. സമ്മേളനം നിയമവിരുദ്ധമെന്നായിരുന്നു ഗവർണറുടെ നിലപാട്. ഗവർണർക്ക് ഇങ്ങനെ തീരുമാനിക്കാൻ ഒരവകാശവുമില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ആഞ്ഞടിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത സഭയുടെ സമ്മേളനം അസാധു എന്ന് ഗവർണർ പറയുന്നത് തീ കൊണ്ടുള്ള കളിയാണ്. ഇത് ജനാധിപത്യത്തിൽ എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിന്തിക്കണം. സഭയുടെ കാര്യങ്ങൾ നിശ്ചയിക്കാനുള്ള അവകാശം സ്പീക്കർക്കാണ്. മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയൂ. പാർലമെന്ററി ജനാധിപത്യം മുന്നോട്ട് കൊണ്ടു പോകാനുള്ള ബാധ്യത എല്ലാവരും പാലിക്കണമെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കർശന നിർദ്ദേശം നൽകി. ബില്ലുകളിൽ ഭരണഘടന നിർദ്ദേശിക്കുന്ന ഏതെങ്കിലും ഒരു തീരുമാനം കൈക്കൊള്ളണമെന്ന് കോടതി ഉത്തരിവിട്ടു.
കേരളത്തിന്റെ ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തില്ല. പഞ്ചാബ് കേസിലെ ഉത്തരവ് കേരളത്തിന്റെ വാദങ്ങൾക്ക് ബലം നല്കും. എന്നാൽ താൻ ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉറച്ചു നിൽക്കുകയാണ്. 12 ബില്ലുകളും മറ്റ് തീരുമാനങ്ങളും പിടിച്ചു വച്ചിരിക്കുന്ന തമിഴ്നാട് ഗവർണ്ണറുടെ നടപടിയും ഗൗരവമേറിയതെന്ന് കോടതി ഇന്ന് വ്യക്തമാക്കി. ഗവർണർ അധികാരപരിധി ലംഘിക്കരുതെന്ന കോടതിയുടെ ഉത്തരവ് കേന്ദ്രസർക്കാരിനും തിരിച്ചടിയാണ്.