ആരോഗ്യം
കോവിഡ് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. കോവിഡിനെ പേടിക്കേണ്ടെന്നും എന്നാല്‍ നമ്മളില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോവിഡിനെ അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. 20 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ മികച്ചതായി തോന്നുന്നുവെന്ന് പറഞ്ഞ ട്രംപ്, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.
മൂന്നുദിവസം മുന്‍പാണ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ഓക്സിജന്‍ അളവില്‍ ഏറ്റക്കുറച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ട്രംപ് കാര്‍യാത്ര നടത്തിയതും വിവാദമായിരുന്നു. അണികളെ ആവേശംകൊള്ളിക്കാനായിരുന്നു ചെറുയാത്ര. ട്രംപിനെ കൂടാതെ മറ്റുരണ്ടുപേര്‍ കൂടി കാറിലുണ്ടായിരുന്നു. ബുള്ളറ്റ്പ്രൂഫ് കാറില്‍ മാസ്ക് ധരിച്ച് യാത്ര ചെയ്ത ട്രംപ് കൈവീശിക്കാണിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നാണ് വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍, പ്രോട്ടോക്കോള്‍ ലംഘിച്ച് ആശുപത്രിക്കു പുറത്ത് അണികളെ കാണാന്‍ ട്രംപ് പോയതിനെതിരെ ആരോഗ്യ വിദഗ്ധര്‍ക്കിടയിലും മെഡിക്കല്‍ സമൂഹത്തിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വന്തം സര്‍ക്കാരിന്റെ പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ് ട്രംപ് ചെയ്തതെന്നായിരുന്നു വിമര്‍ശനം.