കേരളം
വനിതാദിന സമ്മാനം; പാചക വാതക വില 100 രൂപ കുറച്ചു
രാജ്യത്ത് എൽ പി ജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ദിന സമ്മാനം ആണെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ‘ ഇന്ന് വനിതാ ദിനത്തിൽ എൽ പി ജി സിലിണ്ടർ വിലയിൽ 100 രൂപ കുറയ്ക്കാൻ നമ്മുടെ സർക്കാർ തീരുമാനിച്ചു. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് പ്രയോജനം ചെയ്യും, എന്നാണ് അദ്ദേഹം പറഞ്ഞത്.
പാചക വാതകം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ‘ജീവിതം എളുപ്പം’മാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ്,” അദ്ദേഹം പറഞ്ഞു.
അതേ സമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ ഇന്നലെ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചിരുന്നു. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനാെപ്പം തന്നെ എ ഐ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കി വെയ്ക്കാനും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമനിച്ചു.
മാർച്ച് ഒന്നിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൽ ( ഒ എം സി) 19 കിലോ ഗ്രാം വാണിജ്യ എൽ പി ജി ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. വില വർദ്ധിച്ചതോടെz 19 കിലോ ഗ്രാം വാണിജ്യ എൽ പി ജി ഗ്യാസ് സിലിണ്ടറിന് 1,795.00 രൂപയാണ് ഡൽഹിയിലെ വില. കൊൽക്കത്തയിൽ വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ പുതിയ വില 1,911.00 രൂപയും മുംബൈയിൽ 1,749.00 രൂപയും ചെന്നൈയിൽ 1960.50 രൂപയുമാണ്.