കേരളം
ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
ഗുരുവായൂരിൽ നാളെമുതൽ ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. ഗുരുവായൂർ ഭരണസമിതി എടുത്ത തീരുമാനം സർക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സർക്കാർ അത് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂർ ജില്ലയിൽ കോവിഡ് വ്യാപനം വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ നാളെ നിശ്ചയിച്ചിട്ടുളള വിവാഹങ്ങൾ നടത്താം.
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെ ഭരണസമിതികൾക്കും ക്ഷേത്രത്തിൽ ഭകതരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് യുക്തമായ തീരുമാനം എടുക്കാം. ഗുരുവായൂരിൽ ചട്ടങ്ങളെല്ലാം പാലിച്ചാണ് ദർശനം ഒരുക്കിയത്. എന്നാൽ കനത്ത നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആശങ്കകൾ ഉള്ളതിന്റെ പേരിലാണ് ഭരണസമിതി ഇങ്ങനെയൊരു തീരുമാനമെടുത്തത്.
നാളെക്കഴിഞ്ഞ് നിശ്ചയിച്ച വിവാഹങ്ങളുടെ കാര്യത്തിൽ ക്ഷേത്രത്തിൽ വെച്ച് വിവാഹ നടത്താനാകില്ലെന്ന് ബന്ധപ്പെട്ടവരെ ഇമെയിൽ മുഖാന്തരവും ടെലഫോൺ മുഖാന്തരവും അറിയിച്ചിട്ടുണ്ട്. അതേസമയം നേരത്തേ കോവിഡ് കാലത്ത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്ന എല്ലാകാര്യങ്ങളും ക്ഷേത്രത്തിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു