ആരോഗ്യം
ദിവസങ്ങള്‍ ഫ്രിഡ്ജില്‍ വച്ച ഭക്ഷണം കഴിച്ച് മരണം; അറിയാം ‘ഫ്രൈഡ് റൈസ് സിൻഡ്രോം’
തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ എല്ലാ ദിവസവും പാചകം ചെയ്യുകയെന്നത് മിക്കവര്‍ക്കും സാധ്യമല്ലാത്ത കാര്യമാണ്. അങ്ങനെ വരുമ്പോള്‍ ഭക്ഷണം ഒന്നിച്ച് തയ്യാറാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് അല്‍പാല്‍പമായി എടുത്ത് ചൂടാക്കി ഉപയോഗിക്കലാണ് മിക്കവരുടെയും പതിവ്.
ചിലരാണെങ്കില്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണസാധനങ്ങളും ഇത്തരത്തില്‍ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ദിവസങ്ങളോളം ഉപയോഗിക്കാറുണ്ട്. എന്നാലീ ശീലം എത്രമാത്രം അപകടമാണെന്ന് സൂചിപ്പിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗക്കാര്‍ക്കിടയില്‍ സജീവമായിരിക്കുന്ന ചര്‍ച്ച.
ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണം അഞ്ച് ദിവസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന് വീണ്ടുമെടുത്ത് ചൂടാക്കി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ഇരുപതുകാരനായ കോളേജ് വിദ്യാര്‍ത്ഥി മരിച്ച സംഭവമാണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം ആധാരം. ഈ സംഭവം നടന്നത് 2008ലാണ്. എന്നാല്‍ വീണ്ടും സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.
‘ജേണല്‍ ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ ഈ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം പഠനവിധേയമാക്കേണ്ട കേസായി അവതരിപ്പിക്കപ്പെട്ടതാണ്. അപൂര്‍വമായ കേസായിത്തന്നെയാണിത് പരിഗണിക്കപ്പെട്ടിട്ടുള്ളത്. ‘ബാസിലസ് സീറസ്’ എന്ന ബാക്ടീരിയ സൃഷ്ടിച്ച അണുബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണമായത്.
ഇന്ന് നിരവധി പേര്‍ ദിവസങ്ങളോളം ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം കഴിക്കുന്നത് അത്രയും വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ ഈ കേസ് വീണ്ടും പ്രസക്തമാവുകയാണ് എന്നാണ് മിക്കവരും പറയുന്നത്.
‘ഫ്രൈഡ് റൈസ് സിൻഡ്രോം’…
നേരത്തെ സൂചുപ്പിച്ച ‘ബാസിലസ് സീറസ്’ ബാക്ടീരിയയുടെ ആക്രമണം മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്ക് പറയുന്ന മറ്റൊരു പേരാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’. ഫ്രൈഡ് റൈസ് പോലുള്ള സ്റ്റാര്‍ച്ച് അധികമടങ്ങിയ വിഭവങ്ങളിലും ഇറച്ചി വിഭവങ്ങളിലുമാണത്രേ ഈ ബാക്ടീരിയ കൂടുതലും വരിക.
നേരാംവണ്ണം മൂടിവയ്ക്കാത്ത ഭക്ഷണങ്ങളിലോ കൂടുതല്‍ ദിവസം ഫ്രിഡ്ജിലോ പുറത്തോ എല്ലാം സൂക്ഷിക്കുന്ന ഭക്ഷണങ്ങളിലോ എല്ലാം ‘ബാസിലസ് സീറസ്’ ബാക്ടീരിയ കയറിക്കൂടാം. ഈ ബാക്ടീരിയ ആണെങ്കില്‍ ‘സെറൂലൈഡ്’ എന്നൊരു വിഷപദാര്‍ത്ഥം പുറന്തള്ളുകയും ചെയ്യുന്നു. ഈ പദാര്‍ത്ഥം പ്രോട്ടീനിനാല്‍ സമ്പന്നമായ ഭക്ഷണസാധനങ്ങളെ പെട്ടെന്ന് ബാധിക്കുന്നു. ഇത് വീണ്ടും ചൂടാക്കിയാലും നശിച്ചുപോകുന്നതുമല്ല. ഇതാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്നത്.
ലക്ഷണങ്ങള്‍…
‘ഫ്രൈഡ് റൈസ് സിൻഡ്രോ’ത്തിന്‍റെ ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. വളരെ ഗുരുതരമായ പ്രശ്നങ്ങളൊന്നും തന്നെ ഇതിന്‍റെ ലക്ഷണമായി വരാറില്ലത്രേ. ഛര്‍ദ്ദി, വയറിളക്കം എന്നിങ്ങനെ വയറിന് പിടിക്കാത്ത എന്ത് കഴിച്ചാലും വരുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ തന്നെയാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോ’ത്തിന്‍റെയും ലക്ഷണങ്ങള്‍. ഇത് ദിവസങ്ങളോളം തുടര്‍ന്നാല്‍ രോഗി അപകടത്തിലാകാം. അതുപോലെ തന്നെ മറ്റ് രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരിലും പ്രശ്നം പെട്ടെന്ന് ഗുരുതരമാകാം.
കഴിയുന്നതും ഫ്രഷ് ആയ ഭക്ഷണങ്ങള്‍ കഴിക്കുക. വീട്ടില്‍ തന്നെയുണ്ടാക്കിയത് കഴിക്കുക. ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം ഉപയോഗിക്കാതിരിക്കുക. ഭക്ഷണം വൃത്തിയായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ ഭക്ഷ്യവിഷബാധ വരാതിരിക്കാൻ ചെയ്യാവുന്നത്.