കേരളം
കുസാറ്റ് ദുരന്തം: നവകേരള സദസിലെ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി
കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിന്‍റെ ഇന്നത്തെ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി.മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവർ കളമശ്ശേരിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇരുവരും ഉടൻ എത്തും.
ഇരുവർക്കുമാണ് ഏകോപന ചുമതല. അരോഗ്യ മന്ത്രി വീണ ജോർജ് ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ ഏകോപനമുണ്ടാക്കും.കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.അതേസമയം കൊച്ചി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.