ദേശീയം
രാജ്യത്ത് വീണ്ടും മൂന്ന് ലക്ഷത്തിലധികം കേസുകൾ; 3,890 മരണം
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3,26,098 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയർന്നു. 3,53,299 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവർ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേർ രോഗമുക്തരായി.
മെയ് 14 വരെയുള്ള ഐസിഎംആർ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാമ്പിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതിൽ 16,93,093 പരിശോധനകൾ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്തെ വാക്സിൻ പ്രതിസന്ധിക്ക് ഈ മാസത്തോടെ പരിഹാരമാകും. വരും മാസങ്ങളിൽ സ്ഫുട്നിക്, കൊവാക്സിൻ,കൊവിഷീൽഡ് വാക്സിനുകളുടെ കൂടുതൽ ഡോസുകൾ ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്നും ഉടൻ എത്തും. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഡിആർഡിഒ അറിയിച്ചു.