ദേശീയം
കൊവിഡ്; ഡൽഹിയിൽ സാഹചര്യം രൂക്ഷമാകുന്നു ; എയിംസിൽ 90 ശതമാനവും കൊവിഡ് രോഗികൾ
ഡൽഹിയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഡൽഹി എയിംസിലെ സാഹചര്യം അതീവ ഗുരുതരമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. ചികിത്സ തേടിയെത്തുന്നവരിൽ 90 ശതമാനവും കൊവിഡ് പോസിറ്റീവാണ്.
ഡോക്ടർമാർക്ക് പിന്നാലെ നിരവധി നഴ്സുമാർക്കും, നഴ്സിംഗ് അസിസ്റ്റൻ്റുമാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ഡയറക്ടർ വ്യക്തമാക്കി.
അതേസമയം കൊവിഡ് കേസുകൾ വർധിക്കുന്ന സാചര്യത്തിൽ രാജ്യത്തെ ചരിത്രസ്മാരകങ്ങൾ അടിച്ചിടാൻ തീരുമാനം.
താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങൾ മെയ് 15വരെ അടച്ചിടാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തീരുമാനിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, സൈറ്റുകൾ എന്നിവ മെയ് 15വരെ അടിയന്തിരമായി അടച്ചിടുകയാണെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനം ശക്തമായ കഴിഞ്ഞ വർഷവും രാജ്യത്തെ ചരിത്രസ്മാരകങ്ങൾ അടച്ചിട്ടിരുന്നു.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ചരിത്രസ്മാരകങ്ങൾ അടിയന്തിരമായി അടയ്ക്കുകയാണെന്ന് സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേലും ട്വിറ്ററിലൂടെ വ്യക്തമാക്കി.