ദേശീയം
ലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ; 151 താൽക്കാലിക ജീവനക്കാർ പുറത്തേക്ക്
ലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ. ടൂറിസം, സ്പോർട്ട്സ് വകുപ്പുകളിലെ 151 താൽക്കാലിക ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചു വിട്ടത്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.
അതിനിടെ ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോൺഗ്രസ് എംപിമാർ നൽകിയ അപേക്ഷ ലക്ഷദ്വീപ് കലക്ടർ നിരസിച്ചു. എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർക്കാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്.
എംപിമാരുടെ സന്ദർശനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും സന്ദർശനം ബോധപൂർവ്വം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടാണെന്നുമാണ് കലക്ടറുടെ നിലപാട്.
എംപിമാർ ലക്ഷദ്വീപ് സന്ദർശിച്ചാൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ദ്വീപിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകരാൻ ഇവരുടെ സന്ദർശനം ഇടയാക്കുമെന്നും കലക്ടർ വിശദീകരിക്കുന്നു.
എന്നാൽ ദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം തുടരുമെന്ന് എംപിമാർ അറിയിച്ചു. കളക്ടറുടെ നടപടിക്കെതിരെ അപ്പീൽ സമർപ്പിക്കും. കളക്ടറുടെ ഉത്തരവ് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എംപിമാർ പ്രതികരിച്ചു.