ദേശീയം
സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദര്‍ഭമാണിതെന്ന് മുഖ്യമന്ത്രി
ജനങ്ങൾ സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗൺ വേണ്ടെന്ന് കരുതുന്നത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സെൽഫ് ലോക്ക്ഡൗൺ എന്ന ആശയമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദർഭമാണിത്. മാസ്ക് ധരിച്ചും അകലം പാലിച്ചും കൈകൾ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്ത് പോകില്ലെന്നും ആൾക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും തീരുമാനിക്കണം.
ആഘോഷങ്ങൾ മാറ്റി വെക്കുമെന്നും യാത്രകൾ ഒഴിവാക്കുമെന്നും അടഞ്ഞ സ്ഥലങ്ങളിൽ ഇടപഴകില്ലെന്നും രോഗിയുമായി സമ്പർക്കമുണ്ടായാൽ ഐസൊലേഷൻ കൃത്യമായി പാലിക്കുമെന്നും തീരുമാനിക്കണം.
ജീവനോപാധികൾ തകരാതെ നോക്കുകയും നമ്മുടെയും ചുറ്റുമുളളവരുടെയും ജീവൻ സുരക്ഷിതമാക്കുകയും വേണം. ഇതിൽ വിട്ടുവീഴ്ച പാടില്ല. സ്വയം ലോക്ക്ഡൗണിലാണ് എന്ന് തീരുമാനിച്ച് പോകേണ്ട നാളുകളാണ് മുന്നിലുളളത് – മുഖ്യമന്ത്രി പറഞ്ഞു.