ദേശീയം
കൊവിഡ് വാക്സിന് എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലും; ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസമിതി
കൊവിഡ് വാക്സിന് എടുത്തവരില്‍ രക്തസ്രാവവും രക്തം കട്ടപിടിക്കലുമുണ്ടായത് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസമിതി. പരിശോധിച്ചവയില്‍ 26 കേസില്‍ മാത്രമാണു യഥാര്‍ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വളരെ കുറച്ചു കേസുകളിലാണ് ഗുരുതര സാഹചര്യം കണ്ടെത്തിയതെന്നും കുത്തിവയ്പിന്റെ പ്രതികൂലഫലങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര സമിതി ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.
700 കേസുകളില്‍ ‘ഗുരുതരമായ’ 498 എണ്ണമാണു സമിതി വിശദമായി പഠിച്ചത്. ഇതില്‍ 26 കേസില്‍ മാത്രമാണു യഥാര്‍ഥ ഗുരുതരാവസ്ഥ കണ്ടെത്തിയത് എന്നാണു പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമായും പരാതിയുയര്‍ന്ന കോവിഷീല്‍ഡ് വാക്സിന് ഉപയോഗിച്ചവരില്‍ ഒരു ദശലക്ഷം ഡോസിന് 0.61 കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തതെന്നും സമിതി ചൂണ്ടിക്കാട്ടി.
കോവിഷീല്‍ഡ് വാക്സിനെടുത്ത യുകെയില്‍ ഒരു ദശലക്ഷം ഡോസിനു നാലു കേസുകളും ജര്‍മനിയില്‍ 10 കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കണക്ക് വളരെ കുറവാണ്.