ദേശീയം
മോദിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ വകവരുത്തും; യുപിയിലെ ബിജെപി എംഎൽഎയ്ക്ക് പാകിസ്താനിൽ നിന്നും വധ ഭീഷണി
ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയ്ക്കും കുടുംബത്തിനും പാകിസ്താനിൽ നിന്നും വധ ഭീഷണി. ഗ്രേറ്റർ നോയിഡയിലെ എംഎൽഎയായ തേജ്പാൽ നാഗറിനാണ് പാകിസ്താനിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ എംഎൽഎ പോലീസിൽ പരാതി നൽകി.
വാട്സ് ആപ്പ് വഴിയാണ് എംഎൽഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും, ഇല്ലെങ്കിൽ എംഎൽഎയെയും കുടുംബത്തെയും വകവരുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദേശം പാകിസ്താനിൽ നിന്നുള്ളതാണെന്ന് വ്യക്തമായത്.
സംഭവത്തിൽ ഗ്രേറ്റർ നോയിഡയിലെ ദാദ്രി പോലീസ് സ്റ്റേഷനിലാണ് എംഎൽഎ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എംഎൽഎയുടെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കി.