കേരളം
സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി
സംസ്ഥാന സർക്കാർ മദ്യനയത്തിലെ ഇളവുകൾക്ക് പകരമായി കോഴ നൽകാൻ നീക്കം നടന്നതായി ആരോപണം. കോഴയ്ക്കായി പണം പിരിക്കാൻ അഹ്വാനം ചെയ്യുന്ന ബാർ ഉടമകളുടെ സംഘടനാ ഭാരവാഹിയുടേതെന്ന് തരത്തിലുള്ള ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കമുള്ള ഇളവുകൾക്ക് പകരമായി ഒരാൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് പ്രചരിക്കുന്ന ശബ്ദരേഖയിലുള്ളത്.
സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. അതേ സമയം പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച ആരോപണം ബാറുടമകളുടെ സംഘടനാ പ്രസിഡന്റ് സുനിൽകുമാർ നിഷേധിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പണ പിരിവാണ് ഉദ്ദേശിച്ചതെന്നാണ് ശബ്ദരേഖയെ കുറിച്ച് പ്രസിഡന്റിന്റെ വിശദീകരണം. ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണെന്നും സൂചനയുണ്ട്.
ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
”പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം” ശബ്ദരേഖയിൽ പറയുന്നു.
ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. ഇവിടെ വെച്ചുള്ള ശബ്ദ സന്ദേശമാണിത്ന്നാണ് ശബ്ദരേഖയിൽ ഭാരവാഹി പറയുന്നു. യുഡിഎഫ് ഭരണ കാലത്ത് ബാർ ഉടമകളുടെ സംഘടനാ ഭാരവാഹിയായ ബിജു രമേശ് നടത്തിയ ബാർ കോഴ വെളിപ്പെടുത്തലിൽ അന്ന് മന്ത്രി കെ.എം മാണി രാജിവെക്കേണ്ട അവസഥയിലേക്ക് എത്തിച്ചിരുന്നു.