കേരളം
ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍
ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജാണ് ഉത്തരവിട്ടത്.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.
ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇന്ന് ഉച്ച മുതൽ മൂന്നാർ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ വീടിന് മുകളിലുണ്ടായിരുന്ന മണ്ണിടിഞ്ഞു വീടിനു മുകളിലേക്ക് വീഴുകയും വീട്ടമ്മ വീടിനുള്ളിൽ കുടുങ്ങി പോവുകയുമായിരുന്നു. രക്ഷപ്രവർത്തനത്തിന് ശേഷം മാലയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.