ദേശീയം
അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ തിയതി പ്രഖ്യാപിച്ചു
അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠയുടെ തിയതി പ്രഖ്യാപിച്ചു. 2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ജനുവരി 14 മുതൽ പ്രതിഷ്ഠ പൂജകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ നിർമ്മാണ ജോലികൾ ഡിസംബറോടെ പൂർത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. വിഗ്രഹ പ്രതിഷ്ഠയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തും. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി 5 ദിവസം അയോധ്യയിൽ തങ്ങുകയും ചെയ്യും. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുക. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.
അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയും നിർമ്മാണത്തിനായി ലഭിച്ച സംഭാവനകളെക്കുറിച്ചും നേരത്തെ ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തുറന്ന് പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മിശ്ര ക്ഷേത്ര നിർമ്മാണത്തിന്‍റെ ചരിത്ര യാത്രയിൽ പ്രചോദനമായി മുന്നിൽ നിന്ന പ്രധാനമന്ത്രിയെക്കുറിച്ചും 10 രൂപമുതൽ സംഭാവന നൽകി ശ്രീരാമ ക്ഷേത്രത്തിന്‍റെ പൂർത്തീകരണത്തിന് കൂടെ നിന്നവരെക്കുറിച്ചും മനസ് തുറന്നത്.
അയോധ്യയിൽ രാമക്ഷേത്രം പൂർത്തിയാവുന്നത് ഒരു വാസ്തുവിദ്യയുടെ നേട്ടം മാത്രമല്ല, ഈ ചരിത്ര യാത്രയെ മുന്നിൽ നയിച്ച വിശ്വാസത്തിന്റെയും ദൈവിക ഇടപെടലിന്റെയും തെളിവ് കൂടിയാണെന്ന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്ന നൃപേന്ദ്ര മിശ്ര പറയുന്നു. രാം മന്ദിർ അതിന്റെ പൂർത്തീകരണത്തിലേക്ക് അടുക്കുമ്പോൾ, നിർമ്മാണ വേളയിൽ നേരിട്ട വിവിധ വെല്ലുവിളികളെയെല്ലാം അതിജീവിക്കുന്നതിൽ ഒരു ദൈവിക ഇടപെടലുണ്ടായിരുന്നുവെന്ന് മിശ്ര ആവർത്തിച്ച് പറയുന്നു. ‘മനുഷ്യ പ്രയത്നങ്ങൾക്കും എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനും അപ്പുറം അസാധാരണമായ ചിലതുണ്ട്. ആ ദൈവത്തിന്റെ ഇടപെടൽ ക്ഷേത്രനിർമ്മാണത്തെ വളരെയേറെ സഹായിച്ചു’- മിശ്ര പറഞ്ഞു.