ക്രൈം
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്തർസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശിയായ ദേവാനന്ദാണ് (30) അറസ്റ്റിലായത്.
ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് സമീപം വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോകാനാണ് ഇയാൾ ശ്രമിച്ചത്. കുട്ടിയുടെ സഹോദരൻ ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തെ കടയിൽ കയറി ഒളിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും പേരും മറ്റു വിവരങ്ങളും യഥാർഥമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിന് ഉപയോഗിക്കാനാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.