ദേശീയം
അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്; ലോറിയില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല
ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു കാണാതായ അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്റെ ശ്രമങ്ങള്‍ ഇന്നലെയും ഫലം കണ്ടില്ല. അടിയൊഴുക്ക് ശക്തമായതാണ് തിരച്ചിലിന് തടസമുണ്ടാക്കുന്നത്. അര്‍ജുനായുള്ള തിരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാലാവസ്ഥയും നദിയുടെ ശക്തമായ ഒഴുക്കും ആണ് വെല്ലുവിളിയുയര്‍ത്തുന്നത്.
വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ ഇപ്പോഴും അടിയൊഴുക്ക് ശക്തമാണ്. നദിയിലെ അടിയൊഴുക്ക് ഇന്നലെ 5.5 നോട്‌സ് (മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗം) ആയിരുന്നു. 2 മുതല്‍ 3 നോട്‌സ് വരെ ഒഴുക്കില്‍ പുഴയിലിറങ്ങി പരിശോധിക്കാന്‍ നേവിസംഘം സന്നദ്ധരാണ്. 3.5 നോട്‌സ് (മണിക്കൂറില്‍ 6.4 കിലോമീറ്റര്‍ വേഗം) ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പുഴയിലിറങ്ങുന്നത് അപകടമാണ്.
അര്‍ജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയെങ്കിലും മരത്തടികള്‍ വേര്‍പെട്ടതോടെ ലോറി ഒഴുക്കില്‍ സ്ഥാനം മാറിക്കൊണ്ടിരിക്കുന്നതായാണ് സംശയം. ലോറിയില്‍ മനുഷ്യ സാന്നിധ്യം നിര്‍ണയിക്കാന്‍ ഇന്നലെ നടത്തിയ തെര്‍മല്‍ സ്‌കാനിങിലും കഴിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടവരില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.
അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കുവേണ്ടി നടത്തിയ തിരച്ചിലില്‍ ദേശീയപാതയില്‍ ഇരുപതിനായിരം മെട്രിക് ടണ്‍ മണ്ണാണ് നീക്കംചെയ്തത്. എന്നിട്ടും ആരെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗംഗാവാലി നദിയില്‍നിന്നാണ് മുഴുവന്‍ മൃതദേഹങ്ങളും ലഭിച്ചത്. കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഷിരൂരുകാരായ ലോകേഷ്, ജഗന്നാഥന്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
നാട്ടുകാരായ രണ്ടുപേര്‍ക്കുവേണ്ടി കരയിലെ മണ്ണുനീക്കി പരിശോധന തുടരുകയാണ്. പുഴയിലെ മണ്ണെടുക്കാന്‍ ഇനിയും കൂടുതല്‍ ഡ്രഡ്ജറുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുമുണ്ട്. കൊങ്കണ്‍പാലത്തിനടിയിലൂടെ വലിയ ഡ്രഡ്ജറുകള്‍ കൊണ്ടുവരാനുള്ള തടസ്സമാണ് പ്രധാന പ്രശ്‌നം. പകരം സംവിധാനങ്ങള്‍ കര്‍ണാടക ആലോചിക്കുന്നുണ്ട്.
തിരച്ചില്‍ തുടരുന്നതിനൊപ്പംതന്നെ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന അടുത്ത ദിവസങ്ങളിലും തുടരും. ദൗത്യം അവസാനിപ്പിച്ചെന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ശരിയല്ലെന്ന് ഉത്തരകന്നഡ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു.
ദൗത്യം ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവന്‍ എം.പി. എന്നിവരുടെ നേതൃത്വത്തില്‍ ഷിരൂരില്‍ യോഗം ചേര്‍ന്നു. തിരച്ചില്‍ തുടരാന്‍തന്നെയാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എ.മാരായ കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, എ.കെ.എം. അഷറഫ്, കാര്‍വാര്‍ എം.എല്‍.എ. സതീശ് വേല്‍, കളക്ടര്‍ ലക്ഷ്മിപ്രിയ, എസ്.പി. നാരായണ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.