ദേശീയം
അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിൽ; ട്രക്ക് കണ്ടെത്താൻ ഇന്നും ശ്രമം തുടരും
അങ്കോള ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിൽ. ട്രക്ക് കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡൈവർമാർ പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്തും. ഗംഗാവലിപ്പുഴയിൽ ഇന്നലെ ആറ് നോട്സിന് മുകളിലായിരുന്നു അടിയൊഴുക്ക്. ഇത് മൂന്ന് നോട്സിന് താഴെ എത്തിയാൽ മാത്രമേ മുങ്ങൽ വിദഗ്ദർക്ക് പുഴയിലേക്കിറങ്ങാൻ സാധിക്കുകയുള്ളൂ. അർജുനായുള്ള തെരച്ചിൽ ഇനിയും നീളാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.
ബൂം എക്സ്‌കവേറ്റർ പരിശോധനയിൽ ചായക്കടയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രി തൊട്ട് കനത്ത മഴയും കാറ്റുമാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ടാണ്.
ഐ ബോഡ് ഡ്രോൺ പരിശോധന ഇന്നലെ വൈകുവോളം തുടർന്നിരുന്നു. എന്നാൽ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. റോഡിൽ നിന്ന് 60 മീറ്ററോളം മാറി നദിയിൽ 20 അടി താഴ്ചയിലാണ് ട്രക്കുള്ളത്. നാല് ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ദൗത്യസംഘം അറിയിച്ചു.
ട്രക്കിൽ നിന്ന് വടം പൊട്ടി ഒഴുകിപ്പോയ നാല് മരത്തടികൾ എട്ട് കിലോമീറ്റർ അകലെ പുഴയിൽ നിന്ന് കിട്ടിയിരുന്നു. ഇംതിയാസ് എന്നയാളുടെ വീടിനടുത്താണ് അടിഞ്ഞത്. പി.എ ഒന്ന് എന്ന് എഴുതിയ തടികൾ തങ്ങളുടേത് തന്നെയെന്ന് ലോറി ഉടമ മനാഫിന്റെ സഹോദരൻ തിരിച്ചറിഞ്ഞു.