കേരളം
മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം; സിഎന്‍ജി പ്ലാന്റ് കൊച്ചിയില്‍
കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ സിഎന്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണ. മാലിന്യത്തില്‍ നിന്ന് സിഎന്‍ജി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് ഒരു വര്‍ഷത്തിനകം ബിപിസിഎല്‍ നിര്‍മ്മിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ, വ്യവസായ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
കൊച്ചിയില്‍ മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ഉച്ചയോടെ യോഗം ചേര്‍ന്നത്. യോഗത്തില്‍ ഒരു വര്‍ഷത്തിനകം മാലിന്യത്തില്‍ നിന്ന് സിഎന്‍ജി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് നിര്‍മ്മിക്കാമെന്ന് ബിപിസിഎല്‍ അറിയിച്ചതായി മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഇതിന്റെ മുഴുവന്‍ ചെലവും ബിപിസിഎല്‍ വഹിക്കും. ആവര്‍ത്തന ചെലവും നടത്തിപ്പ് ചെലവും ബിപിസിഎല്‍ തന്നെ വഹിക്കാമെന്നും അറിയിച്ചിട്ടുണ്ട്. പ്ലാന്റ് എവിടെ സ്ഥാപിക്കണം എന്നതടക്കമുള്ള കാര്യങ്ങളില്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.