Connect with us

ദേശീയം

ഷിരൂർ – രക്ഷാ പ്രവർത്തനവും മാധ്യമപ്രവർത്തനവും മുരളി തുമ്മാരുകുടി എഴുതുന്നു

Published

on

20240726 180910.jpg

കർണാടകയിലെ അംഗോളയിൽ ഉണ്ടായ അതിദാരുണമായ ദുരന്ത സംഭവത്തെക്കുറിച്ചും അതിനോടൊപ്പം നേരിടേണ്ടിവന്ന രക്ഷാപ്രവർത്തനത്തെയും മാധ്യമ പ്രവർത്തനത്തെയും കുറിച്ച് മുരളി തുമ്മാടി എഴുതുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി.

അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ…

ഒരാഴ്ചയായി ഔദ്യോഗിക യാത്രയിലാണ്, അതെ സമയം ഓഫിസിലെ ജോലികളും ഉണ്ട്. രണ്ടും കൂടി ആകുമ്പോൾ ദിവസം പതിനഞ്ചു മണിക്കൂർ കഴിയും. വിഷയത്തെ പറ്റി കൃത്യമായി പഠിക്കാതെ ഇന്റർനെറ്റിൽ കിട്ടുന്ന വിവരങ്ങൾ വച്ച് “വിദഗ്ദ്ധാഭിപ്രായം” പറയുന്നത് ശരിയുമല്ലല്ലോ. അതുകൊണ്ടാണ് ഷിരൂരിലെ സംഭവത്തെ പറ്റി ഒന്നും എഴുതാതിരുന്നത്. ക്ഷമിക്കുമല്ലോ.

പല മാധ്യമങ്ങളും പ്രതികരണത്തിനു ചർച്ചക്കും വിളിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ മാധ്യമ ചർച്ചകൾക്ക് പൊതുവെ പോകാറില്ല. അല്പം ഒച്ചപ്പാട് ഉണ്ടാക്കുക, ആരെയെങ്കിലും ഒക്കെ കുറ്റക്കാരാക്കുക, മന്ത്രിമാരെ അല്ലെങ്കിൽ ഉദ്യോഗസ്ഥരെ മോശക്കാരായി ചിത്രീകരിക്കുക, ചാനലിന് കാഴ്ചക്കാരെ കൂട്ടുക എന്നതിനൊക്കെ ഉപരി വിഷയത്തിന് പരിഹാരം ഉണ്ടാകണമെന്നോ ഇനി ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാകരുതെന്നോ ഉള്ള ആഗ്രഹം ഒന്നും ഈ ചാനലുകൾക്ക് ഉള്ളതായി പൊതുവെ തോന്നിയിട്ടില്ല. അത്തരം ചർച്ചാ സദസ്സിനിരിക്കാൻ സമയം ഉണ്ടെങ്കിൽ കൂടി സൗകര്യം ഉണ്ടാവില്ലല്ലോ.

ഇത്തവണയും മാധ്യമങ്ങൾ പ്രതീക്ഷയിൽ നിന്നും വ്യത്യസ്തമായില്ല. ഒരു രക്ഷാപ്രവർത്തനത്തെ ഒരു അന്തർസംസ്ഥാന പ്രശ്നം പോലെ വളർത്തിക്കൊണ്ടുവരുവാൻ നമ്മുടെ മാധ്യമങ്ങൾക്ക് സാധിച്ചു. അതിന് വാളെടുത്തവർ ഒക്കെ വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ ഓൺ സൈറ്റും ഓഫ് സൈറ്റും ഒക്കെ ആയി ദുരന്ത വിദഗ്ധർ കൂട്ടിനെത്തി.

“നീ നിൻറെ നിലവാരം കാണിച്ചു എന്നതാണ് ശരി” എന്ന രാവണപ്രഭുവിലെ മോഹൻലാൽ ഡയലോഗ് ആണ് ഓർക്കുന്നത്.

ദുരന്ത മുഖത്തെ രക്ഷാ പ്രവർത്തനം എന്നത് സാങ്കേതികമായി സങ്കീർണ്ണവും മാനസികമായി ഏറെ പിരിമുറുക്കം ഉണ്ടാക്കുന്നതുമായ ഒന്നാണ്. ദുരന്തന്തിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ജീവൻ അപകടത്തിൽ പെടാതിരിക്കാതെ നോക്കേണ്ടതുമായ ഉത്തരവാദിത്തം രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നവർക്ക് ഉണ്ട്.

അവിടെ മന്ത്രിമാർ ആവട്ടെ, മാധ്യമപ്രവർത്തകർ ആകട്ടെ, അടുത്ത ബന്ധുക്കൾ ആകട്ടെ, പൊതുജനങ്ങൾ ആകട്ടെ, അവർക്ക് ചെയ്യാവുന്ന ഏറ്റവും സഹായകമായ കാര്യം ദുരന്തമുഖത്ത് എത്തി അവരുടെ തൊഴിൽ തടസ്സപെപടുത്തുകയോ അവരെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുകയോ ചെയ്യുക എന്നുള്ളതാണ്. എങ്ങനെയാണ് ദുരന്ത സമയത്ത് ഒരു സമൂഹം പെരുമാറേണ്ടത് എന്നുള്ള കാര്യത്തിൽ സംശയം ഉളളവർ തായ്‌ലൻഡിലെ ഗുഹയിൽ കുട്ടികൾ അകപ്പെട്ടപ്പോൾ അവിടുത്തെ ആളുകൾ (മന്ത്രിമാർ, മാധ്യമങ്ങൾ, ബന്ധുക്കൾ, നാട്ടുകാർ) ഒക്കെ എങ്ങനെയാണ് പെരുമാറിയത് എന്ന് ഒന്ന് കൂടി ഓർത്താൽ മതി.

ഷിരൂരിലെ സാഹചര്യത്തിൽ എന്ത് സാങ്കേതിക നിർദ്ദേശങ്ങൾ ആണ് നല്കാൻ സാധിക്കുക എന്ന് പലരും ചോദിച്ചിരുന്നു. ഇത്തരം സാഹചര്യത്തിൽ ആവശ്യത്തിന് വസ്തുതകൾ ലഭ്യമല്ലാത്തവർ സംഭവസ്ഥലത്തോ ചാരുകസാലയിലോ ഇരുന്ന് ലോറി ഇവിടെയുണ്ടാകും, അവിടെ ഉണ്ടാകും, രക്ഷാ പ്രവർത്തനം ഇങ്ങനെ വേണം, അങ്ങനെ വേണം എന്നൊക്കെ പറയാതിരിക്കുന്നതാണ് ഔചിത്യം. ആരെങ്കിലും ഈ ഔചിത്യബോധം കാണിച്ചില്ലെങ്കിൽ അവർ പറയുന്നതൊക്കെ നാട്ടുകാരെ കാണിച്ചു രക്ഷാപ്രവർത്തനം നടത്തുനന്നവരെ മോശക്കാരാക്കുന്ന പ്രവർത്തനം നടത്താതിരിക്കുന്നതാണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്.

പ്രശസ്തമായ ഒരു ഷെർലോക്ക് ഹോംസ് ക്വോട്ട് ഉണ്ട്.

“It is a capital mistake to theorize before one has data. Insensibly one begins to twist facts to suit theories, instead of theories to suit facts.”

ഇതാണ് നമ്മൾ ഷിരൂരിൽ കണ്ടത്. വേണ്ടത്ര വസ്തുതകൾ ഇല്ലാതെ തോന്നിയ സിദ്ധാന്തങ്ങളുമായി ആളുകൾ വന്നു. മാധ്യമങ്ങൾ അവരുടെ വാക്കുകളെ മെഗാഫോൺ വച്ചു നാടുമുഴുവൻ അറിയിച്ചു. അത് കേട്ട് കേരളത്തിലെ ആളുകൾ കർണാടകത്തിലെ സർക്കാർ സംവിധാനങ്ങൾക്കെതിരെ തിരിഞ്ഞു. എന്തൊരു കഷ്ടമാണ്?

സേർച്ച് ആൻഡ് റെസ്ക്യൂ എന്നത് പൊതുജനാഭിപ്രായം അനുസരിച്ചു ചെയ്യേണ്ട ഒന്നല്ല. ഭൂകമ്പമോ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ പോലുള്ള ഒരു ദുരന്തം ഉണ്ടാകുമ്പോൾ ആളുകൾ മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കും ഇടക്ക് കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകും. ഇവരിൽ മിക്കവാറും ആളുകളെ ഒന്നോ രണ്ടോ ദിവസത്തിനകം രക്ഷപെടുത്താൻ സാധിക്കും. പക്ഷെ അത്യപൂർവ്വമായി ആളുകൾ ഒന്നോ രണ്ടോ ആഴ്ചകൾക്കപ്പുറത്തും ജീവനോടെ ഇരുന്ന സാഹചര്യങ്ങൾ ഉണ്ട്.

രണ്ടായിരത്തി അഞ്ചിലെ പാകിസ്ഥാൻ ഭൂകമ്പത്തിൽ രണ്ടു മാസത്തിന് ശേഷം ഒരു സ്ത്രീയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷ പെടുത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. മണ്ണിനടിയിൽ പെട്ടവർ കൂടുതൽ സമയം ജീവനോടെ ഇരിക്കാനുള്ള സാധ്യത കുറയും എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ ആയവർ ജീവിച്ചിരിക്കാൻ സാധ്യത ഉണ്ട് എന്ന പ്രതീക്ഷയിൽ തന്നെയാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ആയിരക്കണക്കിന് ആളുകൾ മരിക്കുന്ന ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പരിക്കേറ്റവരെ രക്ഷിക്കാനും വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഒക്കെ ഉള്ള ശ്രമങ്ങൾ തുടങ്ങേണ്ടത് ഉള്ളത് കൊണ്ട് രണ്ടാഴ്‌ച കഴിയുമ്പോൾ പലപ്പോഴും രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനം എടുക്കേണ്ടി വരും.

അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് ഒരിക്കലും അംഗീകരിക്കാം പറ്റാത്ത തീരുമാനമാണ് ഇത്. അപകടത്തിൽ പെട്ടവർ മരിച്ചിരിക്കാനാണ് സാധ്യത എന്ന് അറിയാമെങ്കിൽ പോലും മൃതശരീരം കിട്ടുന്നത് വരെ ആൾ ജീവിച്ചിരുന്നിരിക്കാം അല്ലെങ്കിൽ അപകടത്തിൽ പെട്ടിട്ടില്ലായിരിക്കാം എന്ന പ്രതീക്ഷ അവരുടെ മനസ്സിൽ ഉണ്ടാകും. രണ്ടായിരത്തി നാലിലെ സുനാമിയിൽ മൃതശരീരം കണ്ടെടുക്കാതെ പോയ സാഹചര്യങ്ങളിൽ കാണാതായവരെ തേടി പോലീസ് സ്റ്റേഷനുകളിൽ, അനാഥാലയങ്ങളിൽ, അമ്പലങ്ങളിൽ, ജ്യോൽസ്യന്മാരുടെ അടുത്ത് ഒക്കെ പോകുന്നവർ ഇപ്പോഴും ഉണ്ട്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് രക്ഷാപ്രവർത്തത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഷിരൂർ പോലുള്ള സാഹചര്യത്തിൽ അപകടത്തിൽ പെട്ടു എന്ന് സംശയിക്കുന്നവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ പരമാവധി ശ്രമിക്കുക എന്നതാണ് ചെയ്യാറുള്ളത്. ബന്ധുക്കളുടെ ദീർഘകാലം നീളുന്ന അനിശ്ചിതാവസ്ഥക്ക് (പലപ്പോഴും നിയമപരമായ കുരുക്കുകൾ ഒഴിവാക്കാനും) ഇങ്ങനെയാണ് വിരാമമിടുന്നത്.

ഭൂകമ്പം, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഈ സാഹചര്യങ്ങളിൽ മണ്ണിനും കല്ലിനും ഇടയിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും ആളുകൾ പെട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത് സാങ്കേതികമായി ഏറെ വെല്ലുവിളി ഉള്ള കാര്യമാണ്. അതെ സമയം ഇത്തരം സാഹചര്യങ്ങൾ ലോകത്ത് ഓരോ വർഷവും പലപ്രാവശ്യവും നടക്കുന്നതിനാൽ അതിനെ കൈകാര്യം ചെയ്യാൻ കൃത്യമായ രീതികൾ ഉണ്ട്.

മണ്ണിനടിയിൽ ആളുകൾ അല്ലെങ്കിൽ വസ്തുക്കൾ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ഉപകരണങ്ങൾ, ഇക്കാലത്ത് ഡ്രോണിൽ നിന്നും ഉള്ള നിരീക്ഷണ യന്ത്രങ്ങൾ, അതിന് പരിശീലനം ലഭിച്ച നായ്ക്കൾ, മണ്ണിൽ അല്ലെങ്കിൽ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടവർക്ക് ജീവനുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉപകരണങ്ങൾ, അവരോട് സംവദിക്കാൻ, അവർക്ക് ജീവൻ നിലനിർത്താൻ ആത്മവിശ്വാസവും ആഹാരവും നൽകാനുള്ള സംവിധാനങ്ങൾ, അവരെ പുറത്തെത്തിക്കാൻ ഉള്ള സംവിധാനങ്ങൾ ഇവയിൽ ഒക്കെ പരിശീലനം ലഭിച്ച ആളുകൾ, അവരുടെ കൃത്യമായ കോർഡിനേഷൻ, ഇവയൊക്കെ ചേർന്നതാണ് ഒരു ആധുനിക സെർച്ച് ആൻഡ് റെസ്ക്യൂ ടീം.

ഇത് എല്ലാ ജില്ലകളിലോ സംസ്ഥാനങ്ങളിലോ നിലനിർത്തുന്നത് എളുപ്പമല്ല. സാധാരണ ഒരു രാജ്യത്ത് ഒന്നോ രണ്ടോ ടീമുകൾ, അമേരിക്ക, ഇന്ത്യ, ചൈന, റഷ്യ ഒക്കെ പോലുള്ള വലിയ രാജ്യങ്ങളിൽ കുറച്ചു അധികം ടീമുകൾ, ഇവർക്കാണ് പൂർണ്ണമായ പരിശീലനവും ഉപകരണങ്ങളും ഉളളത്, അതെ സമയം ഇത്തരം സാചര്യത്തിൽ ലോക രാജ്യങ്ങൾ പരസ്പരം സഹായിക്കുകയും ചെയ്യും. ലോകത്ത് ഭൂമികുലുക്കമോ മണ്ണിടിച്ചിലോ ഉരുൾ പൊട്ടലോ ഒക്കെ ഉണ്ടാകുമ്പോൾ പലപ്പോഴും മറ്റു രാജ്യങ്ങളിൽ നിന്ന് വരെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ വരാറുണ്ട്. ലോകത്തെവിടെയും ഒരു ആധുനിക റെസ്ക്യൂ ടീം ആദ്യം ചെയ്യുന്നത് രക്ഷാ പ്രവർത്തനം നടത്തുന്ന പ്രദേശത്തുനിന്നും രക്ഷാപ്രവർത്തകർ അല്ലാത്തവരെ ഒഴിവാക്കുകയും രക്ഷാപ്രവർത്തനം നടത്തുന്നവരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുകയുമാണ്.

ലോകത്തെ അപകടങ്ങളിൽ പെടുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളെയും കണ്ടെത്തുന്നതും പുറത്തെത്തിക്കുന്നതും പ്രത്യേകിച്ച് പരിശീലനം ലഭിച്ചിട്ടില്ലാത്ത സ്വന്തം ബന്ധുക്കളോ, അയൽക്കാരോ, സുഹൃത്തുക്കളോ, നാട്ടുകാരോ ആണ്. വേണ്ടത്ര ഉപകരണവും പരിശീലനവും ഉള്ള സംഘങ്ങൾ വരുന്നത് വരെ കത്ത് നിൽക്കുന്നതിലും നില്കാതിരിക്കുന്നതിലും റിസ്ക് ഉണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്, അപ്പോൾ രക്ഷാപ്രവർത്തനം തുടരുന്നതിലും തുടരാതിരിക്കുന്നതിലും റിസ്ക് ഉണ്ട്, രാത്രിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിലും നടത്താതിരിക്കുന്നതിലും റിസ്ക് ഉണ്ട്.

ഈ തരത്തിൽ കൃത്യമായി ഒരു ഗണിത ഫോർമുല പോലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ദുരന്തങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയം പ്രാധാന്യമുള്ളതാകുന്നത്. ഇക്കാര്യത്തിൽ കർണ്ണാടകയിൽ എന്തൊക്കെ സംവിധാനങ്ങൾ ഉണ്ടായിരുന്നു, മറ്റെന്തൊക്കെ സംവിധാനങ്ങൾ ആണ് അവർ ആവശ്യപ്പെട്ടത്, ലഭ്യമാക്കിയത് എന്നൊക്കെ അറിയാതെ ആ വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. അപ്പോൾ ആ വിഷയത്തിൽ പരിചയവും ഉത്തരവാദിത്തവും ഉള്ളവരെ ഗുണവും ദോഷവും കൂട്ടിക്കിഴിച്ച് തീരുമാനം എടുക്കാൻ അനുവദിക്കുക, അനാവശ്യമായി ഇടപെടാതിരിക്കുക, തെറ്റായ തീരുമാനം എടുക്കാനോ വേഗത്തിൽ തീരുമാനം എടുക്കാനോ സമ്മർദ്ദത്തിൽ ആക്കാതിരിക്കുക, ഈ വിഷയത്തിൽ ആധികാരികമായി വൈദഗ്ധ്യം ഉള്ള ഒരാൾ ഉണ്ടെങ്കിൽ അവരെ അധികാരികളുമായി ബന്ധപ്പെടുത്തുക, അല്ലെങ്കിൽ അവരെ കണ്ടെത്താൻ അധികാരികളെ സഹായിക്കുക എന്നതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.

ഇക്കാര്യത്തിൽ അധികാരികൾ പ്രൊഫഷണൽ ആയി രക്ഷാപ്രവർത്തനം നടത്തുന്നതോടൊപ്പം ചെയ്യേണ്ട ഒരു കാര്യം കൂടി ഉണ്ട്. ഇനി ഉണ്ടാകുന്ന സാഹചര്യത്തിൽ ഉപയോഗപ്പെടാൻ വേണ്ടി ഒരിക്കൽ കൂടി പറയാം.

ഒരു ദുരന്തം ഉണ്ടാകുമ്പോൾ അത് പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അതിനെ പറ്റിയുള്ള ശരിയായ വിവരങ്ങൾ നാട്ടുകാരെ സമയാസമയങ്ങളിൽ അറിയിക്കുക എന്നത്. ദുരന്തം ഉണ്ടാകുമ്പോൾ, വേണ്ടപ്പെട്ടവർ കാണാമറയത്ത് കിടക്കുമ്പോൾ അവരുടെ കാര്യത്തിൽ കുടുംബത്തിന് വലിയ ആശങ്കയും നാട്ടുകാർക്ക് താല്പര്യവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അപ്പോൾ ശരിയായ കാര്യങ്ങൾ ചെയ്യുക, ആവശ്യമില്ലാത്തവരെ സ്ഥലത്ത് നിന്ന് മാറ്റുക എന്നതിനോടൊപ്പം പ്രധാനമാണ്, സാഹചര്യങ്ങളുടെ തൽസ്ഥിതി ആളുകളെ അറിയിക്കുക എന്നത്.

അതിനുള്ള ഏറ്റവും ശരിയായ മാർഗ്ഗം ദിവസത്തിൽ രണ്ടുപ്രാവശ്യം എങ്കിലും മാധ്യമങ്ങൾ വഴി കൃത്യമായ വിവരങ്ങൾ ജനങ്ങളോട് പങ്കു വക്കുക എന്നതാണ്. ഇപ്പോൾ എന്താണ് നടക്കുന്നത്, ഏതൊക്കെ വിദഗ്ദ്ധരും യന്ത്രങ്ങളും സ്ഥലത്തുണ്ട്, ഇന്നത്തെ, അല്ലെങ്കിൽ നാളത്തെ പദ്ധതി എന്താണ് എന്നൊക്കെ മാധ്യമങ്ങളോട് പറയുന്നതിൽ ഒരു തെറ്റുമില്ല, ഇത് തീവ്രവാദി ആക്രമണം ഒന്നുമല്ലലോ നമ്മുടെ പ്ലാൻ ലോകം അറിഞ്ഞാൽ പ്രശ്നം ഉണ്ടാകാൻ. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ നമ്മുടെ മുഖ്യമന്ത്രി നടത്തിയിരുന്ന പത്ര സമ്മേളനങ്ങൾ ഈ വിഷയത്തിലെ പാഠ്യപുസ്തകങ്ങൾ ആണെന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടാകുമല്ലോ.

ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുൻപാണ് മാധ്യമങ്ങൾ യഥാർത്ഥത്തിൽ പൊതുജനങ്ങളിൽ ബോധവൽക്കക്കരണം നടത്തേണ്ടത്. ദുരന്തം നടക്കുന്നതിന് മുൻപാണ് സർക്കാരിന്റേയുന്നോ തദ്ദേശ സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിലെ കുറവ് കണ്ടുപിടിക്കെടണ്ടതും പരിഹരിക്കാൻ ശ്രമിക്കേണ്ടതും. ഒരു വർഷം എണ്ണായിരത്തോളം ആളുകൾ കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നു. മാറുന്ന കാലാവസ്ഥ, അതി തീവ്രമായി പെയ്യുന്ന മഴ, പ്രകൃതി ദുരന്ത സാധ്യതകളെ അറിയാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, പെരുകിവരുന്ന നഗരവൽകരണം, ഇതൊക്കെ ഓരോ വർഷവും അപകട സാദ്ധ്യതകൾ കൂട്ടുന്നു.

നമ്മുടെ മാധ്യമങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ, ഒരു ദുരന്തം ഉണ്ടാകുമ്പോൾ അതിനെ കവർ ചെയ്യാൻ എടുക്കുന്നതിന്റെ പകുതി സമയം എങ്കിലും ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ആളുകളെ ബോധവൽക്കരിക്കാൻ ശ്രമിച്ചാൽ, സർക്കാരിനെക്കൊണ്ട്, തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് അവരുടെ ഉത്തരവാദിത്തങ്ങൾ വേണ്ട സമയത്ത് നടത്തിക്കാൻ കഴിഞ്ഞാൽ, നമ്മുടെ ദുരന്തലഘൂകരണ അതോറിറ്റിക്കും ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിനും ഒക്കെ വേണ്ടത്ര പിന്തുണയും പ്രോത്സാഹനവും നൽകിയാൽ അടുത്ത അഞ്ചു വർഷത്തിനകം വർഷത്തിൽ നാലായിരം ജീവനുകൾ എങ്കിലും നമുക്ക് രക്ഷിച്ചെടുക്കാൻ ആകും.

മുരളി തുമ്മാരുകുടി

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ