സാമ്പത്തികം
സ്വര്‍ണവില വീണ്ടും 55,000 തൊട്ടു; സര്‍വകാല റെക്കോഡിലേക്ക് പൊന്നുവില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് ആ റെക്കോഡും ഭേദിച്ച് വലിയ കുതിപ്പാണ് സ്വര്‍ണം നടത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 54280 രൂപയായിരുന്നു വില. ഒരു ഗ്രാം സ്വര്‍ണം 6785 രൂപയിലാണ് ഇന്നലെ വ്യാപാരം നടത്തിയിരുന്നത്.
എന്നാല്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത് 90 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6875 ല്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കൂടിയതോടെ 55000 എന്ന മാന്ത്രികസംഖ്യയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണത്തിന്റെ പവന്‍ വില. ഇതിന് മുന്‍പ് മേയ് 20 നാണ് സ്വര്‍ണം 55000 കടന്നത്. അന്ന് 55120 ആയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
വെള്ളിവിലയും (Silver Price) ഒരിടവേളയ്ക്ക് ശേഷം കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് ഉയർന്നത്. അതേസമയം ചൊവ്വാഴ്ച വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വിപണനം നടന്നത്.
ഈ മാസം പൊതുവെ വില കൂടുന്ന പ്രവണതയാണ് സ്വര്‍ണം പ്രകടിപ്പിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 53000 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അതിന് ശേഷം അടിക്കടിയായി പവന്‍വില ഉയരുകയായിരുന്നു. ഈ മാസത്തെ ആദ്യത്തെ രണ്ടാഴ്ച പിന്നിടുമ്പോഴേക്ക് പവന്‍ വിലയില്‍ 2000 രൂപയാണ് വര്‍ധിച്ചത്.
മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിയത്. വരും ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ പുതിയ റെക്കോഡിലേക്ക് സ്വര്‍ണം കുതിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഫെഡ് പലിശ കുറയ്ക്കുമ്പോള്‍ കുറേ ധനകാര്യനിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്കു മാറും എന്നതാണു സ്വര്‍ണവിലയെ കയറ്റുന്നത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണക്കയറ്റത്തിനു പിന്നിലുണ്ട്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയില്‍ ഔണ്‍സിന് 2450 ഡോളര്‍ കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. അതിന്റെ പ്രതിഫലനമാണ് കേരളത്തിലും പ്രകടമാകുന്നത്. മാത്രമല്ല അമേരിക്കയിലെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് വിദഗ്ധര്‍ വിലയിരുതുന്നത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ഇത് വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.