കേരളം
ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും അര ലക്ഷം രൂപ കൈക്കൂലി ചോദിച്ച് വാങ്ങവെ തഹസീൽദാര്‍ പിടിയിൽ
ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും അര ലക്ഷം രൂപ കൈക്കൂലി ചോദിച്ച് വാങ്ങവെ തഹസീൽദാര്‍ പിടിയിൽ. പാലക്കാട് ഭൂരേഖാ തഹസിൽദാര്‍ സുധാകരനെ ആണ് പാലക്കാട് വിജിലൻസ് യൂണിറ്റ് കയ്യോടെ പിടികൂടി. കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ഒരേക്കർ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കഴിഞ്ഞ വർഷം അവസാനത്തോടെ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പടക്കം താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
തുടർന്ന് പല പ്രാവശ്യം ഭൂരേഖ തഹസീൽദാറായ സുധാകരനെ സമീപിച്ചപ്പോഴും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അങ്ങനെ പെട്ടെന്നൊന്നും തരാൻ സാധിക്കില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും വലിയൊരു പദ്ധതിക്കുവേണ്ടി ആയതിനാൽ ചെലവ് ചെയ്യേണ്ടി വരുമെന്നും അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ പരാതിക്കാരൻ ഫോണിൽ സുധാകരനെ വിളിച്ചപ്പോൾ 50,000 രൂപ കൈക്കൂലിയുമായി ശനിയാഴ്ച വൈകിട്ടോടെ ഓഫീസിലെത്താൻ ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് വൈകിട്ട് അഞ്ചു മണിയോടെഭൂരേഖ തഹസീൽദാർ ഓഫീസിൽ ലഭിച്ച 50,000 രൂപ സഹിതം കൈയോടെ പിടികൂടുകയും ആയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പി യെകൂടാതെ ഇൻസ്പെക്ടർമാരായ അരുൺ പ്രസാദ്, സിജു കെ.എൽ നായർ, ജയേഷ് ബാലൻ, സബ് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ, സന്തോഷ്, ബൈജു, സുദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉവൈസ്, സന്തോഷ്, മനോജ്,വിനേഷ്, ബാലകൃഷ്ണൻ സിവിൽ പോലീസ് ഓഫീസറായ സിന്ധു തുടങ്ങിയവർ കുടി ഉണ്ടായിരുന്നു.