കേരളം
കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്ക് ഇനി സിനിമാ തിയേറ്ററുകളില്‍ പ്രത്യേകം സൗകര്യം
കേള്‍വി-കാഴ്ച പരിമിതിയുള്ളവര്‍ക്ക് സിനിമാ തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇവര്‍ക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകള്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. പിരിമിതികളുള്ളവര്‍ക്കും ഫീച്ചര്‍ സിനിമ ആസ്വദിക്കത്തക്കമുള്ള ഒരു സംസ്‌കാരവും രീതിയും കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
2025 ജനുവരി മുതല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് നിര്‍ദേശത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന അവാര്‍ഡുകള്‍, സംസ്ഥാന ചലച്ചിത്രോത്സവങ്ങള്‍ എന്നിവയിലെ ചിത്രങ്ങള്‍ക്ക് ഈ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണമെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ നിബന്ധന രൂപപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
2016-ലെ റൈറ്റ്സ് ഓഫ് പേഴ്സന്‍സ് ആന്‍ഡ് ഡിസബിലിറ്റീസ് ആക്ടിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പൊതുപ്രദര്‍ശനത്തിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയ 72 മിനിറ്റില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള ഫീച്ചര്‍ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമായിരിക്കും.